കൊല്ലം
ഇരുപത്തെട്ടാം ഓണനാളിൽ കല്ലടയാറ്റിൽ അരങ്ങേറുന്ന കല്ലട ജലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ശനി പകൽ രണ്ടിന് കാരൂത്രക്കടവ് ഫിനിഷിങ് പോയിന്റിലെ പവലിയനിൽ ചേരുന്ന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. ജലഘോഷയാത്ര പി സി വിഷ്‌ണുനാഥ് എംഎൽഎയും ശിക്കാരവള്ള ഘോഷയാത്ര സി ആർ മഹേഷ് എംഎൽഎയും ഉദ്‌ഘാടനംചെയ്യും. വൈകിട്ട് മൂന്നിന് ഹീറ്റ്‌സ് മത്സരംതുടങ്ങും. നാലിന് ഫൈനൽ മത്സരം. സമ്മാനദാനവും ബോണസ് കൈമാറ്റവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. കാരൂത്രക്കടവ്–- മുതിരപ്പറമ്പ് നെട്ടായത്തിലാണ് മത്സരം. മാറ്റുരയ്‌ക്കാൻ ഇതിനകം രജിസ്റ്റർചെയ്തത് 11 വള്ളം. ഇരുട്ടുകുത്തി എ, ബി, വെപ്പ് എ, ബി വിഭാഗം വള്ളങ്ങളാണ് രജിസ്റ്റർചെയ്തത്. കൂടാതെ അലങ്കാരവള്ളങ്ങളും വനിതകൾ തുഴയുന്ന വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും.
ജലോത്സവത്തിന് മുന്നോടിയായി വെള്ളിയാഴ്‌ച വൈകിട്ട് നാലിന് ഇടിയക്കടവ് മുതൽ കാരൂത്രക്കടവ് ഫിനിഷിങ് പോയിന്റുവരെ സാംസ്‌കാരിക ഘോഷയാത്ര ഉണ്ടായിരിക്കും. ശനിയാഴ്‌ച ഫിനിഷിങ് പോയിന്റിൽ കല്ലട ജലോത്സവ കമ്മിറ്റിയും ഭരണിക്കാവ് എലിസ്‌റ്റർ ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..