കരുനാഗപ്പള്ളി
വൈദ്യുതി മുടങ്ങിയാല്‍ ഇരുട്ടിലാകുമെന്ന ആശങ്ക ഇനി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു വേണ്ട. സ്റ്റേഷനിലേക്ക് പുതിയ ജനറേറ്റർ എത്തിയതോടെ യാത്രക്കാരുടെ ഏറെക്കാലത്തെ ദുരിതത്തിനാണ് പരിഹാരമാകുന്നത്. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ അധികൃതർക്ക് മുൻ എംപി എ എം ആരിഫ്, റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ നിവേദനം നൽകിയിരുന്നു.
രാത്രി വൈദ്യുതി തടസ്സപ്പെട്ടാൽ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഫ്ലൈ ഓവർ കയറാനും പുറത്തേക്ക് കടക്കാനും ഏറെ പ്രയാസകരമായിരുന്നു. റെയിൽവേ സ്റ്റേഷനു ചേർന്ന് കിടക്കുന്ന കുറ്റിക്കാടാണെങ്കില്‍ ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രവും. ലൈനുകളിലെ വൈദ്യുതീകരണം പൂർത്തിയായതോടെ ജനറേറ്റര്‍ മാറ്റുകയായിരുന്നു. ഇതുകാരണം വൈദ്യുതി മുടങ്ങിയാല്‍ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമുമെല്ലാം ഇരുട്ടിലാകുകയാണ് പതിവ്. ഇലക്ട്രിക് ലൈനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് സിഗ്നൽ സംവിധാനവും സ്റ്റേഷൻ മാസ്റ്ററുടെ റൂമിലും മറ്റുമുള്ള ലൈറ്റുകളും പ്രവർത്തിപ്പിച്ചു കൊണ്ടിരുന്നത്.
രാത്രി ഏഴുമുതൽ പുലർച്ചെവരെ ധാരാളം യാത്രക്കാരുള്ള ഒട്ടേറെ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. വൈദ്യുതി മുടങ്ങിയാൽ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ആകെ ആശ്രയം ട്രെയിനിലെ വെളിച്ചമാണ്. ട്രെയിൻ പോകുന്നതോടെ പ്ലാറ്റ്ഫോമുകൾ പൂർണമായും ഇരുട്ടിലാകും. മൊബൈൽ ഫോണിന്റെ വെട്ടത്തിലാണ് യാത്രക്കാർ ഈ സമയം പുറത്തു കടക്കുന്നത്.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷന്റെ ഗ്രേഡ് എൻഎസ്ജി -നാലിലേക്ക് ഉയർന്നിരുന്നു. ഇതോടെ നോൺ സബേർബൻ ഗ്രൂപ്പ് -നാലിലേക്ക് ഉയരുന്ന സ്റ്റേഷന്റെ വികസനത്തിനു പുതിയ സാധ്യതകളും തെളിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..