ഓയൂർ
വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ മണികണ്ഠൻ അമ്പതിന്റെ നിറവിൽ. തിരുവിതാംകൂർ ബോർഡിനു കീഴിലുള്ള വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ആനയായ മണികണ്ഠന്റെ പിറന്നാൾ പൊടിപൂരമായാണ് ആനപ്രേമികൾ ആഘോഷിച്ചത്. 38 വർഷങ്ങൾക്കു മുമ്പ് പന്ത്രണ്ടാമത്തെ വയസ്സിൽ വെളിനല്ലൂർ പിള്ളവീട്ടിൽ ഗോപിനാഥൻനായരാണ് മണികണ്ഠനെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്നുമുതൽ നാട്ടുകാരുടെ പൊന്നോമനയാണ് മണികണ്ഠൻ. സമീപപ്രദേശങ്ങളിലെ ക്ഷേത്രത്തിലെ ഉത്സവങ്ങളിലെല്ലാം നിറസാന്നിദ്ധ്യമാണ് ഈ ഗജവീരൻ. ശബരിമല തീർഥാടനത്തിന് കെട്ടുനിറച്ചാണ് മണികണ്ഠനെ കൊണ്ടുപോകുന്നത്. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വി ഹരികുമാറിന്റെ നേതൃത്വത്തിലാണ് മണികണ്ഠന്റെ പരിചരണം. മണികണ്ഠന്റെ മഹിമകൾ വെളിപ്പെടുത്തുന്ന തിരുവാതിര ക്ഷേത്ര ഉപദേശകസമിതി മുമ്പ് ആചരിച്ചിരുന്നു.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽനിന്ന് അണിയിച്ചൊരുക്കിയ മണികണ്ഠനെ ചെണ്ടമേളത്തോടെയാണ് ആനക്കൊട്ടിലേക്ക് ആനയിച്ചത്. ശ്രീരാമസ്വാമിയുടെ ചിത്രം പതിച്ച ലോക്കറ്റും മണികണ്ഠന് സമ്മാനമായി നൽകി. ദേവസ്വം ബോർഡ് അംഗം ജി സുന്ദരേശൻ യോഗം ഉദ്ഘാടനംചെയ്തു. വനിതകൾ തിരുവാതിര അവതരിപ്പിച്ചു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് രാഹുൽ അധ്യക്ഷനായി. സെക്രട്ടറി വി ഹരി സ്വാഗതം പറഞ്ഞു. ആർ ശശിധരൻനായർ, സുന്ദരേശൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..