കരുനാഗപ്പള്ളി
ടി എസ് കനാലും കായംകുളം കായലും അറബിക്കടലും സംഗമിക്കുന്ന അപൂർവ കാഴ്ചാനുഭവം. ആലപ്പാട് അഴീക്കൽ ബീച്ച് പ്രകൃതി ഒരുക്കിയ മനോഹരകാഴ്ചകൾ സമ്മാനിക്കുന്നു.
വിശാലമായ ബീച്ചിനോട് ചേർന്ന് കടലിലേക്കു പോകാൻ കഴിയുന്ന തരത്തിൽ നീളം കൂടിയ പുലിമുട്ട്. അസ്തമയക്കാഴ്ചയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അഴിമുഖത്തിനു കുറുകെ വർണക്കാഴ്ച ഒരുക്കി ഏഷ്യയിലെ വലിയ ബോസ്ട്രിങ് ആർച്ച് പാലം. പാലമിറങ്ങി ചെല്ലുന്നതോ മനോഹര ലൈറ്റ് ഹൗസിലേക്ക്. പാലത്തിനും ബീച്ചിനും സമീപത്തായി പ്രസിദ്ധമായ അഴീക്കൽ ഹാർബർ. തൊട്ടടുത്ത് 12 ഏക്കറോളം നീണ്ടുകിടക്കുന്ന ആയിരംതെങ്ങ് കണ്ടൽപാർക്ക്. ഇങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള ബീച്ച് കേരളത്തിൽ അപൂർവം. ഒറ്റ യാത്രയിൽ ഇത്തരത്തിലുള്ള നിരവധി കാഴ്ചകളാണ് ഓരോ സന്ദർശകനും ആലപ്പാട് പഞ്ചായത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന അഴീക്കൽ ബീച്ചിലെത്തിയാൽ ലഭിക്കുക. സന്ദർശകർക്കും സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമായി അഴീക്കൽ ബീച്ച് മാറുന്നു.
അഴിമുഖത്തോട് ചേർന്നു കിടക്കുന്ന നീളം കൂടിയ ബീച്ച് എന്ന നിലയിൽ അവധി ദിവസങ്ങളിലും മറ്റും അസ്തമയക്കാഴ്ച ആസ്വദിക്കാൻ ഉൾപ്പെടെ നാടിന്റെ വിവിധ കോണുകളിൽനിന്ന് നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ഈ ദിവസങ്ങളിൽ നൂറുകണക്കിനു സന്ദർശകരെക്കൊണ്ട് ബീച്ചും പരിസരവും നിറഞ്ഞുകവിയും. ഇത്രയേറെ സന്ദർശകരെത്തുന്ന ബീച്ചിൽ ഒരു ലൈഫ് ഗാർഡിന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആകെ രണ്ടുപേരാണ് ലൈഫ് ഗാർഡുകളായി ഇവിടെ ജോലി ചെയ്യുന്നത്. അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കേണ്ടതുണ്ട്. അഴിമുഖത്തിനു കുറുകെ അഴീക്കൽ–- - വലിയഴീക്കൽ പാലം മുൻ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയതോടെ ആലപ്പുഴ ഭാഗത്തുനിന്നു കൂടുതൽ സന്ദർശകർ ബീച്ചിലേക്ക് എത്തുന്നുണ്ട്. സന്ദർശകർക്കായി ജില്ലാ പഞ്ചായത്ത് നിർമാണം പൂർത്തിയാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതി കൂടുതൽ കാര്യക്ഷമമായി മാറ്റേണ്ടതുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സംവിധാനങ്ങളും പൊലീസ് എയ്‌ഡ് പോസ്റ്റും സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..