22 December Sunday
നിർമാണം ഒരുകോടി രൂപ ചെലവിൽ

ഭരണിക്കാവിൽ അംബേദ്കർ സ്മാരക സാംസ്കാരിക പഠനകേന്ദ്രം ഉടൻ

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024

ഭരണിക്കാവിൽ നിർമിക്കുന്ന ബി ആർ അംബേദ്കർ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ നിർവഹിക്കുന്നു

ശാസ്താംകോട്ട > ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭരണിക്കാവിൽ നിർമിക്കുന്ന ബി ആർ അംബേദ്കർ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിയുന്നത്. 35 വർഷമായി പ്രവർത്തിക്കാതിരിക്കുന്ന കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കിയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, അംബേദ്ക്കർ കൃതികളുടെ ശേഖരമടങ്ങിയ വിശാലമായ ലൈബ്രറി, സെമിനാർ ഹാൾ, ഫോക്ക്‍ലോർ പഠനകേന്ദ്രം, പാർക്ക് എന്നിവ സാംസ്‌കാരിക നിലയത്തിൽ ഉണ്ടാകും. കൂടാതെ പട്ടികജാതി-, പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക്  സംഗീതം, നൃത്തം എന്നിവയിൽ  പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. 1992ൽ പി കെ രാഘവൻ പട്ടികജാതി വകുപ്പ് മന്ത്രി ആയിരുന്ന കാലത്താണ് 10ലക്ഷം രൂപയോളം ചെലവഴിച്ച്‌ ഭരണിക്കാവ് ജങ്ഷനു പടിഞ്ഞാറ്  കമ്യൂണിറ്റിഹാൾ നിർമിച്ചത്. സംസ്ഥാനതലത്തിൽ അനുവദിച്ച നാല് കമ്യൂണിറ്റി ഹാളുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ, പല തരത്തിലുള്ള നിയമ തടസ്സങ്ങൾ നേരിട്ടതിനാൽ ഹാൾ തുറന്നു കൊടുക്കാൻ കഴിയാതെയായി.

നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശാസ്താംകോട്ട പഞ്ചായത്തിന് 37 സെന്റ് സ്ഥലവും കെട്ടിടവും വിട്ടുകിട്ടി. നിലവിൽ ഉണ്ടായിരുന്ന കെട്ടിടം പൂർണമായും പൊളിച്ചു നീക്കി  പുതിയ കെട്ടിടം പണിയുന്നതിനുള്ള ടെൻഡർ നടപടികളാണ് പൂർത്തിയായത്. ശിലാസ്ഥാപന ചടങ്ങിൽ  ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷയായി.  പഞ്ചായത്ത്‌അംഗം പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ  ഉഷാകുമാരി, അനിൽ തുമ്പോടൻ, വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ്, ആർ അജയകുമാർ, ഇസഡ് ആന്റണി, എ ഷാനവാസ്‌, കെ ശോഭന, സിദ്ദിഖ്കുട്ടി എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top