കൊല്ലം
ജോലി വാഗ്ദാനം ചെയ്ത് സൈബ ർ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗങ്ങൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി രാരോത്ത് പറയരുതൊടികയിൽ വീട്ടിൽ മുഹമ്മദ് അൻസർ (39), താമരശ്ശേരി വെഴക്കാട് വീട്ടിൽ യദുകൃഷ്‌ണൻ (25) എന്നിവരാണ് പിടിയിലായത്.
ടെലിഗ്രാം അധിഷ്ഠിത ടാസ്‌ക്കുകളിലൂടെയും ക്രിപ്‌റ്റോ ട്രേഡിങ്ങിലൂടെയും പാർട്ട് ടൈ മായി വൻ തുക ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാക്കിയശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ക്രിപ്‌റ്റോ ട്രേഡിങ്ങിലൂടെ നിക്ഷേപിക്കുന്ന പണം ചുരുങ്ങിയ കാലയളവിൽ വൻ ലാഭം നേടിയെടുക്കാൻ സഹായിക്കുമെന്നായിരുന്നു വാഗ്ദാനം.
കൊല്ലം പട്ടത്താനം സ്വദേശിയായ നിക്ഷേപകനിൽനിന്ന് 40,04,437 രൂപയാണ് സംഘം തട്ടിയത്. പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടൻ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഡിസിആർബി എസിപി എ നസീറിന്റെ നേതൃത്വത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫ്, എസ്ഐമാരായ നന്ദകുമാർ, എഎസ്ഐ അരുൺകുമാർ, സിപിഒ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..