23 December Monday
കാട്ടിൽകടവ്- പത്തനാപുരം സംസ്ഥാനപാത

പ്രതീക്ഷയോടെ തീരദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

സംസ്ഥാന പാതയുടെ ഭാഗമാകുന്ന പുതിയകാവ്–- ചക്കുവള്ളി റോഡിലെ പുതിയകാവിനു കിഴക്കുഭാഗത്തുള്ള ചിത്രം

കരുനാഗപ്പള്ളി
തീരദേശ-–- മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന കാട്ടിൽകടവ്–- -പത്തനാപുരം സംസ്ഥാനപാതയ്ക്ക്‌ വഴിതെളിഞ്ഞതോടെ വികസന പ്രതീക്ഷയിൽ തീരദേശ ഗ്രാമങ്ങൾ. പാതയ്ക്ക് ധനവകുപ്പിന്റെ അനുമതി ലഭിച്ചതോടെ തുടർനടപടികളിലേക്കു കടന്നു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ഫയൽ പൊതുമരാമത്ത് വകുപ്പിനു കൈമാറിയതോടെ ആലപ്പാട് ഉൾപ്പെടെയുള്ള തീരദേശ ഗ്രാമങ്ങൾ പ്രതീക്ഷയിലാണ്‌. മുൻ എംഎൽഎ ആർ രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ മുൻകൈയെടുത്താണ് സംസ്ഥാനപാത എന്ന ആശയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുപോയി. ആർ രാമചന്ദ്രൻ മുൻകൈ എടുത്ത് പാത തുടങ്ങുന്ന കാട്ടിൽകടവിൽ ദേശീയ ജലപാതയിലെ ടി എസ് കനാലിനു കുറുകെ ആലപ്പാട് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പാലവും ഇതോടൊപ്പം അനുവദിപ്പിച്ചു. പുതിയകാവ് ചിറ്റുമൂലയിൽ റെയിൽവേ മേൽപ്പാലത്തിനും പണം അനുവദിപ്പിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ തുടങ്ങിയിരുന്നു.
കരുനാഗപ്പള്ളി കാട്ടിൽകടവിൽനിന്ന്‌ ആരംഭിച്ച് പുതിയകാവ്, ചക്കുവള്ളി, മലനട, കടമ്പനാട്, മണ്ണടി, ഏനാത്ത് വഴി പത്തനാപുരത്ത് എത്തുന്നതാണ് റോഡ്. കരുനാഗപ്പള്ളി, കുന്നത്തൂർ, അടൂർ, പത്തനാപുരം നിയോജകമണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. സംസ്ഥാനപാത യാഥാർഥ്യമാകുന്നതോടെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ ഹാർബറിന്റെ വികസനത്തിനും വഴിതെളിയും. ഹാർബറിലേക്ക്  കിഴക്കൻ മേഖലകളിൽനിന്ന്‌ വേഗത്തിൽ എത്താനാകും. അഴീക്കൽ ബീച്ച്, ആയിരംതെങ്ങ് കണ്ടൽപാർക്ക്, വള്ളിക്കാവ് അമൃതാനന്ദമയി മഠം എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാനും  കഴിയും. അഴീക്കൽ–-- വലിയഴീക്കൽ പാലംവഴി തീരദേശത്തുനിന്ന്‌ വേഗത്തിൽ മലയോര മേഖലകളിലേക്ക് എത്താനും വഴിയൊരുങ്ങും. ഇതുവഴി തീരമേഖലയുടെ ഒട്ടേറെ വികസന സാധ്യതകൾക്കാണ് വഴി തുറക്കുക. 
ദേശീയപാത -66, കൊല്ലം–-- തേനി ദേശീയപാത, നിർദിഷ്ട വണ്ടിപ്പെരിയാർ–-- ഭരണിക്കാവ് ദേശീയപാത, എംസി റോഡ്, മലയോര ഹൈവേ എന്നിവയെ പാത ബന്ധിപ്പിക്കും. കാട്ടിൽകടവ് മുതൽ പത്തനാപുരംവരെ 47 കിലോമീറ്ററാണ് റോഡിന്റെ നീളം. മലനട ക്ഷേത്രം, വേലുത്തമ്പിദളവ മ്യൂസിയം, മണ്ണടി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയായും മാറും. നടപടികൾ വേഗത്തിൽ മുന്നോട്ടുനീങ്ങിയാൽ അടുത്ത സംസ്ഥാന ബജറ്റിൽ സംസ്ഥാന പാതയായി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top