12 December Thursday

തെറ്റിമുറിയും നടുവിലക്കരയും കോയിവിളയും പിടിച്ച്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

തെറ്റിമുറിയിൽ എൽഡിഎഫ് നടത്തിയ വിജയപ്രകടനം

ശാസ്താംകോട്ട 
 കുന്നത്തൂർ തെറ്റിമുറി അഞ്ചാം വാർഡിലും പടിഞ്ഞാറെ കല്ലട  നടുവിലക്കര എട്ടാം വാർഡിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് ഉജ്വല വിജയം. ബിജെപിയുടെയും കോൺഗ്രസിന്റെയും സിറ്റിങ്‌ സീറ്റുകളാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. തെറ്റിമുറി അഞ്ചാം വാർഡ് ബിജെപിയിൽനിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ്‌ സ്ഥാനാർഥി എൻ തുളസി ബിജെപിയുടെ സിറ്റിങ്‌ സീറ്റിൽ 164 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പടിഞ്ഞാറെ കല്ലട നടുവിലക്കരയിൽ യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി സിന്ധു കോയിപ്പുറത്ത്‌  92 വോട്ടിന്റെ  ഭൂരിപക്ഷത്തിലും വിജയിച്ചു. 
തെറ്റിമുറി അഞ്ചാം വാർഡിൽ ബിജെപി പഞ്ചായത്ത്‌ അംഗം അമൽരാജ്  രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ഫലമായാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ബിജെപി–-463, എൽഡിഎഫ്–-308 യുഡിഎഫ്–-105 എന്ന നിലയിലായിരുന്ന വോട്ട് ലഭിച്ചത്. മുമ്പ്‌ നടന്ന എല്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും 200ന്‌  മുകളിൽ ലഭിച്ചിരുന്ന കോൺഗ്രസ് 105 വോട്ടാണ്‌ നേടിയത്‌.  ഇതിന്റെ ഫലമായാണ് ബിജെപി കഴിഞ്ഞതവണ 155 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡിൽ വിജയിച്ചത്. ഇതിനു പകരമായി ബ്ലോക്ക്‌ ഡിവിഷനിൽ ബിജെപി വോട്ട് കോൺഗ്രസിനും ലഭിച്ചു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ഒന്നാമത് ഉണ്ടായിരുന്ന ബിജെപി മൂന്നാംസ്ഥാനത്തായി.  463 ഉണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി  202 വോട്ടാണ് നേടാനായത്‌. എൽഡിഎഫ് 390 വോട്ടും രണ്ടാമത് എത്തിയ കോൺഗ്രസിന് 226 വോട്ടും ലഭിച്ചു. 
പടിഞ്ഞാറെകല്ലട നടുവിലക്കര എട്ടാം വാർഡിൽ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗം ബിന്ദു മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.  കഴിഞ്ഞ തെരഞ്ഞുടുപ്പിൽ നാല്‌ വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. യുഡിഎഫ് –-306 എൽഡിഎഫ് –-302 ബിജെപി –-264. ഇക്കുറി ഒന്നാമത് ഉണ്ടായിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തായി.  പോൾ ചെയ്ത 848 വോട്ടിൽ എൽഡിഎഫിന്‌ –- 351 വോട്ടും ബിജെപിക്ക്‌ –-259 വോട്ടും യുഡിഎഫിന്‌ –-238 വോട്ടും ആണ് ലഭിച്ചത്. തെറ്റിമുറിയിലും നടുവിലക്കരയിലും എൽഡിഎഫ് നേടിയ ഉജ്വലവിജയം വരാനിരിക്കുന്ന  തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌  ആത്മവിശ്വാസം പകരുന്നതാണ്.
ചവറ 
തേവലക്കര പഞ്ചായത്തിൽ കോയിവിള തെക്ക് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കോയിവിള തെക്ക് (12), പാലയ്ക്കൽ വടക്ക് (22) എന്നീ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോയിവിള തെക്ക് എൽഡിഎഫ് സ്ഥാനാർഥി അജിത സാജൻ 108 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അജിത സാജൻ 560 വോട്ടും യുഡിഎഫ് സ്ഥാനാർഥി ബി സാന്ദ്ര 452 വോട്ടും ബിജെപി സ്ഥാനാർഥി സിനു സുനിൽ 42 വോട്ടും നേടി.
പാലയ്ക്കൽ വടക്ക് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബിസ്മി അനസ് 148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  വിജയിച്ചു. ബിസ്മി അനസിന് 739 വോട്ടും എൽഡിഎഫ് സ്ഥാനാർഥി  സുബിന ഷെമീറിന്‌ 591 വോട്ടും ബിജെപി സ്ഥാനാർഥി ആർ നിത്യയ്ക്ക് 106 വോട്ടും ലഭിച്ചു.
 കോയിവിള തെക്ക് എൽഡിഎഫ് സ്ഥാനാർഥി അജിത സാജന്റെ വിജയത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഹ്ലാ ദ പ്രകടനം നടത്തി. കോയിവിള തെക്ക് കോൺഗ്രസ്‌ അംഗം ടെൽമ മേരി വിദേശത്തേക്കു പോയതിനാലും പാലയ്ക്കൽ വടക്ക് സിപിഐ എമ്മിലെ ബീനാ റഷീദ് മരിച്ചതിനെ തുടർന്നുമായിരുന്നു ഉപതെരഞ്ഞെടുപ്പ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top