കരുനാഗപ്പള്ളി
ആയിരംതെങ്ങ് സത്യാലയം കടവിൽ പ്രവർത്തിക്കുന്ന ടിഎസ് കനാൽ ഉൾനാടൻ മത്സ്യക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. ബിഎംഎസ് പ്രവർത്തകനായ സജിയുടെ ആക്രമണത്തിൽ വനിത ഉൾപ്പെടെയുള്ള സംഘം ജീവനക്കാർക്കും സെക്രട്ടറിക്കും തൊഴിലാളികൾക്കും പരിക്കേറ്റതായി കാട്ടി സംഘം അധികൃതർ ഓച്ചിറ പൊലീസിൽ പരാതി നൽകി.
ബുധന്‍ വൈകിട്ട് സംഘം ഓഫീസ് കെട്ടിടത്തിൽ തൊഴിലാളികൾക്ക് ക്ഷേമനിധി വിതരണംചെയ്യുന്ന സമയത്തായിരുന്നു സംഭവം. ഓഫീസിലെത്തിയ ബിഎംഎസ് പ്രവർത്തകനായ സജി ഓഫീസ് സെക്രട്ടറിയായ വനിതയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ചോദ്യംചെയ്ത സംഘം സെക്രട്ടറി ബാബു, തൊഴിലാളിയായ വിജയന്‍ എന്നിവരെ ആക്രമിക്കുകയും തുടർന്ന് നാശനഷ്ടം ഉണ്ടാക്കുകയും രേഖകളും മറ്റും എടുത്തുകൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
സത്യാലയം കടവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കക്കവാരൽ തൊഴിലാളി യൂണിയനെയും സംഘത്തെയും തകർക്കാൻ ബിഎംഎസ് യൂണിയനും പ്രദേശത്തെ കക്കാ മുതലാളിമാരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘം പറഞ്ഞു. കക്കവാരൽ തൊഴിലാളി യൂണിയന് (സിഐടിയു) എതിരെ പ്രദേശത്ത് നിരന്തരം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇതിനെ തൊഴിലാളികളെ അണിനിരത്തി ചെറുക്കുമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും സംഘം പ്രസിഡന്റ് സന്തോഷ്, മത്സ്യത്തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി സുനിൽ ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..