പത്തനാപുരം-
കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കർഷകരെയും താമസക്കാരെയും സംരക്ഷിക്കുമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രിമാർ. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, അടൂർ താലൂക്കുകളിൽ 40 വർഷത്തിലധികമായി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കുന്നതിനായി ചേർന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ജലവിഭവ, റവന്യു, ഗതാഗത മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പത്തനാപുരം നിയോജക മണ്ഡലത്തിലെ പത്തനാപുരം, പിറവന്തൂർ, പുന്നല, വെട്ടിക്കവല പഞ്ചായത്തുകളിൽ പട്ടയം ലഭിക്കാത്ത ആയിരത്തോളം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണിത്. പട്ടയം നൽകുന്നതിനായി റവന്യു, ജലവിഭവ വകുപ്പുകൾ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തും. ജനുവരി 15-നകം പ്രാഥമിക റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ചേംബറിൽ നടന്ന യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ എംഎൽഎ, കലക്ടർ എൻ ദേവിദാസ്, റവന്യു, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..