കൊല്ലം
മാതൃയാനം പദ്ധതിയിലൂടെ ജില്ലയിൽ സുരക്ഷിതമായി വീട്ടിലെത്തിയത് 2026 അമ്മമാർ. 2019 മാർച്ച് മുതൽ 2020 ജനുവരി വരെയുള്ള കണക്കാണിത്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി കാറിൽ വീട്ടിലെത്തിക്കുന്ന പദ്ധതി ജില്ലയിൽ തുടങ്ങിയത് കൊല്ലം വിക്ടോറിയ ആശുപത്രിയിലാണ്.
സംസ്ഥാന സർക്കാരിന്റെ ‘അമ്മയും കുഞ്ഞും'പദ്ധതിയുടെ തുടർച്ചയാണിത്. നാഷണൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) ഭാഗമായാണ് പദ്ധതി നടത്തിപ്പ്. പ്രസവത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും കൈത്താങ്ങാകുന്ന പദ്ധതി ഇതിനകം ജനകീയമായിക്കഴിഞ്ഞു.
നിലവിൽ മൂന്നു ടാക്‌സിയാണ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഓടുന്നത്. മുൻകാലങ്ങളിൽ സർക്കാർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആകുമ്പോൾ അമ്മയ്‌ക്കും കുഞ്ഞിനും യാത്രച്ചെലവായി 500 രൂപ നൽകിയിരുന്നു. എന്നാൽ, ഇത് ദീർഘദൂര യാത്രയ്ക്ക് മതിയാകില്ല. ഈ പ്രശ്‌നം പരിഗണിച്ചാണ് സർക്കാർ പണം നൽകുന്നതു നിർത്തി ടാക്‌സി ഏർപ്പാടാക്കിയത്.
ടാക്‌സി ഉടമകളും സർക്കാരുമായുള്ള കരാർ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇത് ടാക്‌സി ഡ്രൈവർമാർക്കും ഉപജീവന മാർഗമാണ്. മിനിമം ചാർജ് 175 രൂപയാണ് നൽകുന്നത്. അതികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകും. ഇതനുസരിച്ച് പ്രതിമാസം നിലവിൽ 45,000 മുതൽ 50,000രൂപ വരെ വരുമാനം ലഭിക്കുന്നതായി ഡ്രൈവർമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..