ശാസ്താംകോട്ട
കണ്ണങ്കാട്ടുകടവ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ ഒക്ടോബർ 15നു മുമ്പ് പൂർത്തിയാക്കും.
പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണത്തിനുള്ള പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ചിറ്റുമല ബ്ലോക്ക് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെ റെയില്‍വേ പാലത്തിന് സമാന്തരമായാണ് പാലം നിർമിക്കുക. 2017ൽ ആണ് പാലത്തിന് ഭരണാനുമതി കിട്ടിയത്. ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ മൂലം നിര്‍മാണം നീളുകയായിരുന്നു. പാലവും അപ്രോച്ച് റോഡും നിർമിക്കാനായി 3159.81 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. പെരുമൺ –- പട്ടംതുരുത്ത് പാലത്തിനൊപ്പം കണ്ണങ്കാട്ടുകടവ് പാലം കൂടി തുറക്കുന്നതോടെ കൊല്ലം നഗരത്തിൽനിന്ന് വേഗത്തിൽ കുന്നത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിലെത്താം. ഏകദേശം 12 കിലോമീറ്റർ ദൂരം ലാഭിക്കാനാകും. 134 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിൽ 1.50മീറ്റർ വീതിയിലാണ് നടപ്പാത. 730 മീറ്ററിൽ അപ്രോച്ച് റോഡും നിർമിക്കും. 24.21 കോടി രൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്.
30വരെ ഭൂഉടമകൾക്ക് രേഖകൾ ഹാജരാക്കാം. ഒക്ടോബർ 15നുള്ളിൽ രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും രേഖകൾ ഹാജരാക്കാത്തവരുടെ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്‌ക്കുന്നതിനും തീരുമാനമായി. നവംബറിൽ പാലത്തിന്റെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കെആർഎഫ്ബിക്ക് എംഎൽഎ നിർദേശം നൽകി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി സൂര്യകുമാർ, സി ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി ജയചന്ദ്രൻ, രതീഷ് മൺറോതുരുത്ത്, തഹസിൽദാർ ദ്വിദീപ് കുമാർ, കെആർഎഫ്ബി എക്‌സിക്യൂട്ടീവ് എൻജിനിയർ ദീപ ഓമനക്കുട്ടൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്രീജ, അസിസ്റ്റന്റ് എൻജിനിയർ പ്രിയ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..