കൊല്ലം
ശസ്‌ത്രക്രിയക്ക് റോബോട്ടിക് സംവിധാനം ഒരുക്കി എൻ എസ് സഹകരണ ആശുപത്രി. ജില്ലയിലെ ആദ്യറോബോട്ടിക് സംവിധാനം എൻ എസ് സഹകരണ ആശുപത്രിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ഓർത്തോപീഡിക്‌സ് ഡിപ്പാർട്ട്മെന്റിൽ റോബോട്ടിക് ജോയിന്റ് റീപ്ലെയ്‌സ്‌മെന്റ് സംവിധാനമാണ് സ്ഥാപിച്ചത്. ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ബുധനാഴ്ച നടക്കും. ആദ്യശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കാൻ ജില്ലയിലെ പ്രമുഖ ഡോക്ടർമാർ എത്തിച്ചേരും.
നാലായിരത്തിലധികം മുട്ടുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് എൻ എസ് ആശുപത്രി റോബോട്ടിക് സംവിധാനത്തിലേക്ക് കാൽവയ്ക്കുന്നത്. മെട്രോനഗരങ്ങളിലെ ആശുപത്രികളിൽ ഭാരിച്ച ചെലവുവരുന്ന റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇതോടെ കുറഞ്ഞ ചെലവിൽ കൊല്ലത്തും സാധ്യമാകും. ആശുപത്രി അങ്കണത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് പി രാജേന്ദ്രൻ അധ്യക്ഷനായി. ഡോ. ബിമൽ എ കുമാർ റോബോട്ടിന്റെ പ്രവർത്തനം വിശദീകരിച്ചു. എം നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എ അജി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ എസ് സിന്ധു, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, മെഡിക്കൽ സൂപ്രണ്ട് ടി ആർ ചന്ദ്രമോഹൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ വി കെ സുരേഷ്‌കുമാർ, ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടർമാരായ ജി അഭിലാഷ്, സി പ്രശോഭ്, ഷാഹിദ് ലത്തീഫ് എന്നിവർ സംസാരിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള സ്വാഗതവും സെക്രട്ടറി പി ഷിബു നന്ദിയും പറഞ്ഞു.
ആരോഗ്യ- സഹകരണ മേഖലയിൽ എൻ എസ് ആശുപത്രി മാതൃക:
മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം
റോബോട്ടിക് സംവിധാനം നടപ്പാക്കിയതുവഴി അതിവിദഗ്ധ ചികിത്സ നൽകുന്നതിന് പൂർണസജ്ജമാണെന്ന് എൻ എസ് സഹകരണ ആശുപത്രി സാക്ഷ്യപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജില്ലയിലെ ആദ്യ റോബോട്ടിക് സംവിധാനം എൻ എസ് ആശുപതിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ സഹകരണമേഖലയ്ക്കും കേരളത്തിലെ ആരോഗ്യമേഖലയ്ക്കും മാതൃകയാണ് എൻ എസ് ആശുപത്രി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെലവുകുറച്ച് സാധാരണക്കാർക്ക് പ്രാപ്യമാക്കി തീർത്തത് എൻ എസ് ആശുപത്രിയാണ്. എല്ലാ സാങ്കേതിക സംവിധാനങ്ങളുടെയും മേന്മകളെ രോഗചികിത്സയുമായി സംയോജിപ്പിച്ച് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നടപ്പാക്കുന്നതിൽ ആശുപത്രിയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. മെഡിസെപ് പദ്ധതി മാതൃകയായി നടപ്പാക്കുന്നതിനും കൂടുതൽ രോഗികൾക്ക് ചികിത്സ നൽകുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ രംഗത്ത് റോബോട്ടിക് സർജറി നടപ്പാക്കുന്നതുവഴി സാധാരണക്കാർക്ക് അതിവിദഗ്‌ധ ചികിത്സ ചെലവുകുറച്ച് നടപ്പാക്കുകയാണ് ആശുപത്രി ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..