കൊല്ലം
സ്വകാര്യ ധനസ്ഥാപനത്തിലെ നിക്ഷേപം തട്ടിയെടുക്കാൻ ബിഎസ്എൻഎൽ റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ കൊച്ചിയിലെ ലോഡ്‌ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നും അഞ്ചും പ്രതികളായ പോളയത്തോട് എഫ്എഫ്ആർഎ 12 അനിമോൻ മൻസിലിൽ അനിമോൻ (44), കൊലപാതകത്തിന് ഉപയോഗിച്ച കാർ അനിമോന് വാടകയ്ക്കു നൽകിയ പോളയത്തോട് ശാന്തിനഗർ കോളനി 33 സൽമ മൻസിലിൽ ഹാഷിഫ് (27) എന്നിവരെയാണ് കൊച്ചി തമ്മനത്തെ റിയാൻ ലോഡ്‌ജിൽ എത്തിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് തെളിവെടുത്തത്. മെയ് 23ന് പാപ്പച്ചനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ഇരുവരും ലോഡ്‌ജിൽ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തെളിവെടുപ്പ്. ഇരുവരെയും ലോഡ്‌ജിലെ മാനേജർ തിരിച്ചറിഞ്ഞു. മുറി എടുക്കാനായി നൽകിയ ആധാർ രേഖകളടക്കം കണ്ടെടുത്തു. കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പകൽ ഒന്നരയ്ക്ക് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് നാലുവരെ തുടർന്നു. ഹാഷിഫിന്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെളിവെടുപ്പ്. ചൊവ്വാഴ്ച ഹാഷിഫിനെ കോടതിയിൽ ഹാജരാക്കും. അനിമോൻ, മാഹീൻ, സരിത, അനൂപ് എന്നിവരുടെ കസ്റ്റഡി കാലാവധി 17വരെയാണ്. തിങ്കൾ വൈകിട്ട് സിറ്റി പൊലീസ് കമീഷണർ വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതികളായ സരിതയും അനൂപും ജോലിചെയ്തിരുന്ന സ്വകാര്യ ധനസ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ചിലും പാപ്പച്ചൻ നിക്ഷേപം പിൻവലിച്ചെന്നു പറയുന്ന മറ്റ് ബാങ്കുകളിലുമെത്തി നിർണായക രേഖകൾ അന്വേഷകസംഘം പിടിച്ചെടുത്തു. പാപ്പച്ചന്റെ ഒപ്പ്, കൈയക്ഷരം തുടങ്ങിയവ സ്ഥിരീകരിക്കുന്ന രേഖകളും ബാങ്കുകളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് വിരലടയാള വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തും. പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന സിം കാർഡുകളും സൈബർ സെൽ വിദഗ്ധർ പരിശോധിച്ചു വരികയാണ്. പാപ്പച്ചനെ കാറിടിപ്പിച്ച ആശ്രാമത്തെ വിജനമായ റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതികളുമായി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തും. സ്വകാര്യ ധനസ്ഥാപനത്തിലെ സാമ്പത്തിക തിരിമറി അറിയാതിരിക്കാൻ നിക്ഷേപം നടത്തിയ പാപ്പച്ചനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..