ശാസ്താംകോട്ട
കുന്നത്തൂർ പാലത്തിനുസമീപം സ്വകാര്യ ബസിലേക്ക് പിക്കപ്പ് ഇടിച്ചുകയറി. വ്യാഴം വൈകിട്ട് നാലിന് ആറ്റുകടവ് ജങ്‌ഷനിലായിരുന്നു അപകടം. നിരവധിപേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കൃഷ്ണപ്രിയ എന്ന സ്വകാര്യ ബസും കൊട്ടാരക്കരയിൽനിന്ന് സിനിമാപറമ്പിലേക്ക് പ്ലൈവുഡ് കയറ്റി വരികയായിരുന്ന പിക്കപ്പുമാണ് അപകടത്തിൽപ്പെട്ടത്. ആറ്റുകടവ് ജങ്‌ഷനിൽ നിർത്തി യാത്രക്കാരെ കയറ്റി പോകുകയായിരുന്ന ബസിലേക്ക് പിക്കപ്പ് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേർന്ന് പിക്കപ്പ് വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ ചക്കുവള്ളി മയ്യത്തുംകര തരകന്റെ കിഴക്കതിൽ സാബു (40), സഹായി സിനിമാപറമ്പ് കലതി വിളയിൽ ഷാനവാസ് (38), യാത്രക്കാരി കുന്നത്തൂർ കിഴക്ക് മൂർത്തിവിളയിൽ ബേബി (56)എന്നിവർ സാരമായ പരിക്കുകളോടെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 15പേരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രി, ഭരണിക്കാവിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഒരുമാസം മുമ്പ് ഈ ബസ് ചുങ്കത്തറയിൽ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ബൈക്ക് യാത്രക്കാരനായ കാരിക്കൽ സ്വദേശി മരിച്ചു. ഇതിനുശേഷം സർവീസ് പുനരാരംഭിച്ച ദിവസമായിരുന്നു ബസ് വീണ്ടും അപകടത്തിൽപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..