ആലപ്പുഴ
ലാളിത്യമുള്ള പ്രസംഗത്തിനിടെ സീതാറാം യെച്ചൂരി രാഷ്‌ട്രീയം വിശദീകരിക്കാൻ എപ്പോഴും പുരാണത്തിൽനിന്നുള്ള എന്തെങ്കിലും കഥ പുറത്തെടുക്കും. 2023 ഏപ്രിൽ 20ന് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആലപ്പുഴയിൽ എത്തിയ അദ്ദേഹവുമായുള്ള പുലർച്ചെയിലെ കൂടിക്കാഴ്‌ചയിൽ അക്കാര്യം പരാമർശിക്കപ്പെട്ടത് കൗതുകമായി. യെച്ചൂരി തങ്ങിയ ആലപ്പുഴയിലെ ഹോട്ടലിൽ പുലർച്ചെ തന്നെ എത്തിയതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സ്ഥിരം പരിഭാഷകനായ അഡ്വ. ബി രാജേന്ദ്രൻ. ‘നേതാവിനൊപ്പം ഒരു ദിവസം’ എന്ന പംക്തി തയ്യാറാക്കാൻ എത്തിയ ദേശാഭിമാനി സംഘം ഒപ്പം.
പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ പുരാണകഥ അറിഞ്ഞിരിക്കണമല്ലോ. അതിനാൽ മുൻകൂട്ടിത്തന്നെ ബി രാജേന്ദ്രൻ അതിനെപ്പറ്റി ചോദിച്ചു. ‘ എപ്പോഴും പുരാണത്തിൽനിന്ന് കഥയുണ്ടാകുമല്ലോ. ഇന്ന് ഏതു കഥയാണ് ? ബി രാജേന്ദ്രന്റെ മുൻകൂട്ടിയുള്ള ചോദ്യത്തിനുമുന്നിൽ അദ്ദേഹം സുസ്‌മേരവദനനായി. ‘അമൃതകാൽ എന്നാണ് മോദി എപ്പോഴും വീമ്പിളക്കുന്നത്. കടൽ കടഞ്ഞപ്പോൾ അമൃതകുംഭം അസുരന്മാർക്കും കാളകൂടവിഷം ദേവൻമാർക്കുമാണ് കിട്ടിയത്. അസുരൻമാരുടെ കെെയിൽനിന്ന് അമൃതകുംഭം ദേവൻമാർ നേടിയെടുക്കുന്നതാവണം ഇത്തവണത്തെ തെരഞ്ഞെടുപ്പ്. അടുത്തുണ്ടായിരുന്ന ലേഖകനോട് ‘ അസുരൻമാരെന്നും ദേവൻമാരെന്നും പത്രത്തിൽ എഴുതേണ്ട, പകരം ചീത്ത മനുഷ്യരെന്നും നല്ല മനുഷ്യരെന്നും എഴുതിയാൽ മതി. ഇപ്പോൾ വിവാദത്തിനു കാരണമാകണ്ട.’
കേരളത്തിന്റെ സംസ്കാരത്തെപ്പറ്റിയും ഭക്ഷണരീതിയെപ്പറ്റിയുമൊക്കെ നന്നായി പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹവുമായി സംസാരിച്ചാൽ വ്യക്തമാകും. രാവിലെ ഹോട്ടൽ മുറിയിലേക്ക് അദ്ദേഹത്തിനായി എത്തിച്ചത് പുട്ട്, കടല, ഇഡ്ഡലി, ചമ്മന്തി, സാമ്പാർ എന്നിവയായിരുന്നു. ‘‘പുട്ടും കടലയുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. അത് വളരെ ആരോഗ്യകരമാണ്. ഡൽഹിയിൽ പുട്ട് കേരളത്തിലെപ്പോലെ അത്ര സാധാരണമല്ല. പുട്ടും കടലയും കഴിക്കുന്ന മലയാളികൾ ഡൽഹിയിൽ വളരെ കുറവാണ്.’ തുടർന്ന് പുട്ടുണ്ടായ കഥയിലേക്ക്. ഡച്ചുകാരുമായുള്ള യുദ്ധത്തിനിടെ തങ്ങൾക്കൊപ്പമുള്ള മലയാളി സൈനികർ ഭക്ഷണം പാകം ചെയ്‌ത് സമയം കളയാതിരിക്കാൻ പോർട്ടുഗീസുകാർ മുളങ്കുഴലിൽ അരിപ്പൊടിയും പരിപ്പുമിട്ട് ആവികയറ്റി നൽകിയ കഥ.
ആദ്യഘട്ടത്തിൽ ബിഹാറിലെ തെരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞതിലേക്ക് സംസാരം വഴിമാറി. ‘‘കഴിഞ്ഞതവണ അവിടെ ഹിന്ദുത്വതരംഗമാണ് ഉയർന്ന പോളിങ്ങിനുകാരണമായത്. ഇത്തവണ പോളിങ് കുറഞ്ഞതിന്റെ കാരണം ആ തരംഗമില്ലാത്തതാണ്.’–- തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ യാഥാർഥ്യമായ വിശകലനം. അതിനിടെ ‘നമ്മുടെ മുൻ മന്ത്രി എവിടെ’ എന്ന് അദ്ദേഹത്തിന്റെ ചോദ്യം. ബി രാജേന്ദ്രൻ ഡയൽ ചെയ്‌തു കൊടുത്ത ഫോണിൽനിന്ന് ജി സുധാകരനോട് കുശലാന്വേഷണം.
രാഷ്‌ട്രീയ എതിരാളികളെപ്പറ്റി പറയുമ്പോളെല്ലാം മിതത്വം പാലിക്കാനും വ്യക്തിപരമായ ആക്രമണത്തിലേക്കു കടക്കാതിരിക്കാനും ശ്രദ്ധിക്കുന്ന പാർടി സെക്രട്ടറിയുടെ നയതന്ത്രജ്ഞതയാണ് പ്രഭാതത്തിലെ കൂടിക്കാഴ്‌ചയിലും പിന്നീട് പൊതുയോഗങ്ങളിലും മീറ്റ് ദ പ്രസിലും കണ്ടത്. എതിരാളികളുടെ പേര് അബദ്ധത്തിൽ പറഞ്ഞ പരിഭാഷകനോട് ‘താൻ ആരുടെയും പേരു പറഞ്ഞില്ലെന്ന് ’സ്‌നേഹത്തോടെ ഓർമിപ്പിച്ച് നാം നയങ്ങളെയാണ് എതിർക്കുന്നതെന്നുകൂടി വിശദീകരിക്കുമ്പോൾ അഖിലേന്ത്യാനേതാവിന്റെ രാഷ്‌ട്രീയധാർമികതയുടെ ഔന്നത്യത്തിന്റെ തിളക്കം. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ കൂടി എത്തിയതോടെ ചർച്ച അടിയന്തരാവസ്ഥയിലേക്ക് കടന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ‘പെൺഹിറ്റ്‌ലർ ജനിക്കുന്നു’ വെന്ന് എ കെ ജി നടത്തിയ പ്രസ്‌താവനയിലേക്കും അത് ഒന്നാം പേജിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ചതിലേക്കുമെല്ലാം വഴിമാറി.
പൗരത്വനിയമം, ക ശ്‌മീരിന്റെ 370–-ാം വകുപ്പ്, ബിൽക്കീസ് ബാനുകേസ് തുടങ്ങിയവയിലെല്ലാം പാർലമെന്റിലും കോടതിയിലും തെരുവിലും സിപിഐ എം നടത്തിയ പോരാട്ടങ്ങളുടെ കണക്കുനിരത്തിയുള്ള പ്രസംഗമായിരുന്നു പൊതുയോഗങ്ങളിൽ. ഈ സമയത്തൊക്കെ കോൺഗ്രസ് എവിടെയായിരുന്നെന്ന ചോദ്യം ചാട്ടുളിപോലെ. കശ്‌മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയ കാലത്ത് ശ്രീനഗറിൽപോയി തടവറയിലുള്ളവരെ കണ്ട ആദ്യ നേതാവ് അക്കാര്യവും ഓർമപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..