കൊല്ലം
പാർടി വേദികളിൽ മാത്രമല്ല പൊതുയോഗങ്ങളിലും ജനങ്ങളുടെ മനസ്സറിഞ്ഞ് സംവദിക്കാൻ സീതാറാം യെച്ചൂരിക്ക് അസാമാന്യ വൈദഗ്‌ധ്യമായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലം ജില്ലയിൽ പങ്കെടുത്ത പൊതുയോഗത്തിലും യെച്ചൂരിയുടെ വേറിട്ട വൈഭവം ആയിരങ്ങൾ തിരിച്ചറിഞ്ഞു. കൊല്ലം ജനതയെ ആവേശക്കൊടുമുടി കയറ്റിയായിരുന്നു പ്രസംഗം. നാടിന്റെ ഇന്നലെകളും ഇന്നും നാളെയും വാക്കുകളിൽ കത്തിക്കയറി. കന്റോൺമെന്റ് മൈതാനിയിൽ ഏപ്രിൽ 20 നായിരുന്നു യെച്ചൂരി പങ്കെടുത്ത പൊതുയോഗം.
വേദിയിലേക്ക് യെച്ചൂരിയെ വരവേറ്റത് ജനതതിയുടെ ഉശിരൻ മുദ്രാവാക്യമായിരുന്നു. ബിജെപിയുടെ മതരാഷ്ട്രവാദവും കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും വിഷയമായി. സ്‌ത്രീകളും കുട്ടികളുമടക്കം അനേകർ അന്നത്തെ യോഗത്തിനെത്തി. ബിജെപി നിലപാടുകൾ മതനിരപേക്ഷത തകർക്കുന്നതിന്റെയും യുഡിഎഫ് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതിന്റെയും കാര്യകാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു.
രാജ്യം നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കുന്നതിനു പകരമാണ് ഇടതുപക്ഷത്തെയും നേതാക്കളെയും കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് യെച്ചൂരി പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഡൽഹിയിൽ ബിജെപിയെ പറയുന്നത് പുതിയ കോൺഗ്രസ് എന്നാണ്. അത്രയുമധികം നേതാക്കൾ ബിജെപിയിലേക്ക് പോകുകയാണ്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയവെല്ലുവിളികളെ നേരിടാനുള്ള കരുത്ത് കോൺഗ്രസ് കാട്ടുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാടിയത് ഇടതുപക്ഷമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ അവിടുത്തെ രാഷ്ട്രീയനേതാക്കളെ ജയിലിൽ അടച്ചതിനെതിരെ സിപിഐ എമ്മാണ് കോടതിയെ സമീപിച്ചത്. ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ വെറുതെവിട്ടതിനെതിരെ കോടതിയിൽ പോയ പരാതിക്കാരിലൊന്ന് സിപിഐ എമ്മാണ്. എന്തുകൊണ്ടാണ് അതൊന്നും കോൺഗ്രസ് ചെയ്യാതിരുന്നതെന്നും യെച്ചൂരി ചോദ്യശരമുയർത്തി. കെ പി സജിനാഥാണ് യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..