കൊട്ടാരക്കര
ജില്ലയുടെ വികസനത്തിന് കുതിപ്പേകി കൊട്ടാരക്കരയിൽ രണ്ടു മിനി ഐടി പാർക്കുകൾ വരുന്നു. ഐടി, അനുബന്ധ മേഖലയിൽ 500 പ്രൊഫഷണലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലഭ്യമാകും. പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ലോകോത്തര ഐടി കമ്പനിയായ സോഹോ കോർപറേഷന്റ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് നെടുവത്തൂർ പഞ്ചായത്തിൽ അഞ്ചുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ 250 പേർക്ക് ജോലി ഉറപ്പാകും. ഐടി ക്യാമ്പസിന് ഭൂമിയും കെട്ടിടവും ഉൾപ്പെടെ ലഭ്യമാക്കി. സംസ്ഥാന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിയിലെ ആദ്യ വർക്ക് സ്റ്റേഷൻ കൊട്ടാരക്കരയിൽ ആരംഭിക്കുകയാണ്. 12,000 ചതുരശ്ര അടിയിലുള്ള മിനി ഐടി പാർക്കിന്റെ സജ്ജീകരണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച തുടങ്ങും. വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെയും 250 പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. കൊട്ടാരക്കര നഗരത്തിൽ ഡ്രോൺ റിസർച്ച് പാർക്ക് കേരള അക്കാദമി ഓഫ് സ്‌കിൽ എക്സലൻസുമായി സഹകരിച്ച് സ്ഥാപിക്കും. ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായവും ലഭ്യമാക്കും. കൊട്ടാരക്കരയെ ഐടി, റിസർച്ച്–-ഡെവലപ്‌മെന്റ് ഹബ്ബാക്കാൻ വിവിധ തരത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ ക്യാമ്പസ് ഇൻഡസ്ട്രിയൽ ഐടി പാർക്കായ ലീപ് സെന്ററിലെ ട്രെയിനികളോട് മന്ത്രി പറഞ്ഞു.
ലീപ് സെന്ററിലെ ട്രെയിനികൾ മന്ത്രിയുമായി അനുഭവങ്ങൾ പങ്കുവച്ചു. കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിലെ ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾക്കുശേഷം ലീപ് സെന്ററിൽ എത്തിയ വിദ്യാർഥികൾ പഠിച്ച കാര്യങ്ങളുടെ പ്രായോഗികത മനസ്സിലാക്കാൻ പരിശീലനം സഹായമാകുന്നത് വിവരിച്ചു. അസാപ് സിഇഒ അനൂപ് അംബിക, ലീപ് സെന്റർ പ്രോഗ്രാം മാനേജർ മഹേഷ് ബാലൻ, പ്രിൻസിപ്പൽ റിസർച്ചർ ജയരാജ് പോരൂർ, ഡെവലപ്‌മെന്റൽ സൈക്കോളജിസ്റ്റ് എ ബാബു മാത്യു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..