ചവറ
കേരളത്തിലെ സ്കൂളുകളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി പഠനത്തിൽ വിപ്ലവം സൃഷ്ടിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചവറ സൗത്ത് ലക്ഷ്മിവിലാസം ഗവ. എൽപിഎസിൽ പുതുതായി നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനിലായി നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിൽ കേരളം എപ്പോഴും മുൻനിരയിലാണ്. കേരളത്തിലെ സ്കൂളുകൾ എല്ലാവരേയും ഉൾക്കൊള്ളുന്ന മാതൃകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് എല്ലാവർക്കും നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ സ്വാഗതം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ് പള്ളിപ്പാടൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അപർണ രാജഗോപാൽ, സന്ധ്യമോൾ, സജുമോൻ വാൻഡ്രോസ്, പഞ്ചായത്ത് അംഗങ്ങളായ സിന്ധുമോൾ, പ്രദീപ് എസ് പുല്യാഴം, ബേബി മഞ്ജു, മീന, സ്മിത, എഇഒ ടി കെ അനിത, പഞ്ചായത്ത് സെക്രട്ടറി ടി ശിവകുമാർ, മുൻ പ്രധാനാധ്യാപിക ടി തങ്കലത, ബാജി സേനാധിപൻ, പി സാബു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി ജലജ റിപ്പോർട്ടും എസ്എംസി ചെയർപേഴ്സൺ കെ എസ് വൈഷ്ണവി നന്ദിയും പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റില്‍ സംസ്ഥാന തലത്തിൽ എൽപി വിഭാഗത്തില്‍ മൂന്നാംസ്ഥാനം ലഭിച്ച സ്കൂളിലെ വിദ്യാർഥി അമർനാഥ് താമരാലിനെ എംഎൽഎ ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 1.10 കോടിയും സുജിത് വിജയൻപിള്ള എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 27 ലക്ഷം രൂപയും അനുവദിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..