22 December Sunday
പ്രാഥമിക പദ്ധതി തയ്യാറായി

വട്ടക്കായലിൽ ടൂറിസം പദ്ധതി യാഥാർഥ്യമാകും

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

തൊടിയൂർ- തഴവ വട്ടക്കായൽ

കരുനാഗപ്പള്ളി
കണ്ണത്താദൂരം പരന്നുകിടക്കുന്ന തൊടിയൂർ -തഴവ വട്ടക്കായലിലൂടെ ചെറുവഞ്ചിയിൽ മനോഹരദൃശ്യങ്ങൾ അസ്വദിക്കാനുള്ള ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നു. പ്രാഥമിക പദ്ധതി തയ്യാറായി. തദ്ദേശ സ്ഥാപനത്തിന്റെയും കർഷകരുടെയും കൂട്ടായ്മയിലാണ് ടൂറിസം പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി തഴവ പഞ്ചായത്ത് രണ്ടരലക്ഷം രൂപ പ്രാഥമിക ചെലവുകൾക്ക് മാറ്റിവച്ചിട്ടുണ്ട്. 350 ഏക്കര്‍ വരുന്ന വട്ടക്കായലിന്റെ പ്രദേശത്ത് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽക്കൃഷി നടത്തുന്നുണ്ട്. ഈ പാടശേഖരത്തിനു നടുവിലൂടെയാണ് മൂന്നുകിലോമീറ്റർ നീളത്തിൽ തോട് കടന്നുപോകുന്നത്. ഇതിലൂടെ സഞ്ചരിച്ച് ഏക്കർ കണക്കിനു പരന്നുകിടക്കുന്ന കായലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഗ്രാമീണ ടൂറിസം പദ്ധതിയാണ് തയ്യാറാകുന്നത്. 
കുട്ടവഞ്ചി, മോട്ടോർ ഘടിപ്പിക്കാത്ത ചെറുവള്ളങ്ങൾ, കായലോരത്ത് കുട്ടികൾക്കായി പാർക്കുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. തുടർന്ന് മോട്ടോർ ബോട്ട് ഉൾപ്പെടെ സന്ദർശകർക്കായി ഒരുക്കും. വട്ടക്കായലിനോട് ചേർന്ന് കടന്നുപോകുന്ന പള്ളിക്കലാറിനെ ബന്ധപ്പെടുത്തി മണ്ണിട്ടഡാം, പാവുമ്പ കല്ലുപാലം തുടങ്ങിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി കായൽ ടൂറിസം പദ്ധതിയെ ഭാവിയിൽ വിപുലീകരിച്ചാൽ വിനോദസഞ്ചാരരം​ഗത്ത് വലിയ മുന്നേറ്റമാകും. ഒരുപൂ കൃഷിയിൽ 1000 ടൺ നെല്ലുവരെ കൃഷിചെയ്യുന്ന പാടശേഖരം വർഷങ്ങളായി തരിശ്ശുകിടക്കുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രൻ മുൻകൈ എടുത്താണ് സർക്കാർ സഹായത്തോടെ 2018-ൽ നെൽക്കൃഷി പുനരാരംഭിച്ചത്.  
പാട്ടവ്യവസ്ഥയിൽ കുട്ടനാട് നിന്നുള്ള കർഷകനാണ് കൃഷിചെയ്യുന്നത്. കൃഷിക്കായി പുഞ്ചപ്പാടത്തിലെ വെള്ളം വറ്റിച്ച് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മഴ തുടരുന്നത് ഇത്തവണത്തെ കൃഷിക്ക് തടസ്സമാകുമെന്ന ആശങ്കയിലാണ് കർഷകർ. നേരത്തെ12 ലക്ഷം രൂപ വൈദ്യുതി കുടിശ്ശിക വന്നതോടെ കർഷകർ പ്രതിസന്ധിയിലായിരുന്നു. കർഷകസമിതിയും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ട് പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒടുവിൽ വൈദ്യുതി കുടിശ്ശിക പൂർണമായും സർക്കാർ അടയ്ക്കുകയായിരുന്നു. ഇതിനിടെ പാടശേഖരത്തിലെ ബണ്ടിന്റെ ബലക്ഷയം ആശങ്ക ഉയർത്തുന്നതായി കർഷകർ പറയുന്നു. മൂന്നരക്കിലോമീറ്റര്‍ നീളമുള്ള രണ്ടു ബണ്ടും വേനൽമഴയിൽപ്പോലും തകർന്ന് പാടശേഖരത്തിലേക്ക് വെള്ളം കയറാറുണ്ട്. ഈ ബണ്ട് ബലപ്പെടുത്തുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പ് 26കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് വേഗത്തിൽ നടപ്പാകുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top