കൊല്ലം
‘എനിക്കെതിരായി വാർത്ത പുറത്തുപോകുന്നത് പാർടിയുടെ ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഇരിക്കുന്നവരിൽ നിന്നാണ്. അങ്ങനെ ചെയ്യുന്ന മൂന്നോ നാലോ പേരെ പാർടിയിൽനിന്ന് പുറത്തുകളഞ്ഞാലും നഷ്‌ടമൊന്നുമില്ല’–- ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ കൊല്ലം ജവഹർ ബാലഭവനിൽ നടന്ന ജില്ലാ നേതൃയോഗത്തിൽ തുറന്നടിച്ചു. യുടിയുസി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളിലും ഘടക യൂണിയനുകളുടെ സമ്മേളനങ്ങളിലും സമരങ്ങളിലും ആർഎസ്‌പി സംസ്ഥാന സെക്രട്ടറിക്ക് അവഗണന എന്ന വാർത്തയാണ് ഷിബുവിനെ ചൊടിപ്പിച്ചത്. യുടിയുസി അഖിലേന്ത്യ പ്രസിഡന്റ് എ എ അസീസ്, ആർഎസ്‌പി കേന്ദ്രകമ്മിറ്റി അംഗം എൻ കെ പ്രേമചന്ദ്രൻ എംപി, ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ഷിബുവിന്റെ ഒളിയമ്പ്. നേതൃയോഗം ഉദ്‌ഘാടനംചെയ്തത് ഷിബുവായിരുന്നു. എന്നാൽ, മറ്റ് നേതാക്കൾ സംസാരിച്ച ശേഷം വീണ്ടും തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും ആരും പോകരുതെന്നും പറഞ്ഞാണ് നേതാക്കൾക്ക് നേരെ ഒളിയമ്പ് എറിഞ്ഞത്. എന്നാൽ, നേതാക്കളെ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ച് ഷിബു വിമർശിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. യുടിയുസി സംസ്ഥാന സമ്മേളനം 17നും 18നും കൊല്ലത്താണ്. ആർഎസ്‌പി ജില്ലാ നേതൃത്വം പ്രേമചന്ദ്രന്റെ അറിവോടെ ഷിബുവിനെ ഒഴിവാക്കുകയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..