24 December Tuesday

12 സ്‌കൂളിൽക്കൂടി നൈപുണി 
വികസനകേന്ദ്രം തുറക്കുന്നു

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024

 

കൊല്ലം
ജില്ലയിൽ 12 വിദ്യാലയങ്ങളിൽക്കൂടി നൈപുണി വികസന കേന്ദ്രങ്ങൾ തുടങ്ങുന്നു. സമഗ്രശിക്ഷാ കേരള വഴി കുളക്കട ഗവ. എച്ച്‌എസ്‌എസിൽ നടപ്പാക്കിയ പൈലറ്റ്‌ പദ്ധതി വിജയകരമായതോടെയാണ്‌ കൂടുതൽ വിദ്യാലയങ്ങളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുന്നത്‌.  നവംബറിൽ ക്ലാസ്‌ തുടങ്ങും. കുട്ടികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുയോജ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഓരോ കേന്ദ്രത്തിനും അടിസ്ഥാന സൗകര്യ വികസനത്തിന്‌  21.5 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ട്‌. രണ്ട്‌  കോഴ്സുകളിലായി 25 വീതം വിദ്യാർഥികൾക്കാണ്‌ പഠിക്കുവാൻ അവസരം.  ഒരുവർഷം കാലാവധിയുള്ള സൗജന്യ കോഴ്സാണിത്‌. 15നും 23നും മധ്യേ പ്രായമുള്ളവർക്ക് സംവരണം പാലിച്ചും മെറിറ്റ് അടിസ്ഥാനത്തിലുമാണ് പ്രവേശനം. വിഎച്ച്‌എസ്‌ഇ വിഭാഗത്തിനാണ്‌ പരീക്ഷാ നടത്തിപ്പ്‌ ചുമതല.   
 പ്ലസ്ടു വിദ്യാർഥികൾ,  ഹയർസെക്കൻഡറി പൂർത്തിയാക്കിയവർ, പഠനം നിർത്തിയവർ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തവർ, മറ്റു പിന്നാക്ക മേഖലയിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവരടക്കമുള്ളവർക്ക്‌ കോഴ്‌സിൽ ചേരാം. അഞ്ചൽ ഗവ. എച്ച്‌എസ്‌എസ്‌, ചാത്തന്നൂർ ഗവ. എച്ച്‌എസ്‌എസ്‌, കൊറ്റൻകുളങ്ങര ഗവ. വിഎച്ച്‌എസ്‌എസ്‌, ചെറിയഴീക്കൽ ഡോ. വിവികെഎഎം ജിആർഎഫ്‌ടി, ഇരവിപുരം ഗവ. വിഎച്ച്‌എസ്‌എസ്‌, തേവള്ളി ജിഎംബി വിഎച്ച്‌എസ്‌എസ്‌, കൊട്ടാരക്കര ഗവ. വിഎച്ച്‌എസ്‌എസ്‌ ഫോർ ബോയ്‌സ്‌, എഴുകോൺ ഗവ. എച്ച്‌എസ്‌എസ്‌ ആൻഡ്‌ ടിഎച്ച്‌എസ്‌, പട്ടാഴി ഗവ. വിഎച്ച്‌എസ്‌എസ്‌, അച്ചൻകോവിൽ ഗവ. വൊക്കേഷണൽ എച്ച്‌എസ്‌എസ്‌, മുട്ടറ ഗവ. വിഎച്ച്‌എസ്‌എസ്‌.
കോഴ്സുകൾ
മൊബൈൽ ഫോൺ ഹാർഡ്‍വെയർ റിപ്പയർ ടെക്നീഷ്യൻ, അസിസ്‌റ്റന്റ്‌ റോബട്ടിക്സ് ടെക്നീഷ്യൻ , ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ജിഎസ്‌ടി അസിസ്‌റ്റന്റ്‌,  ഗ്രാഫിക് ഡിസൈനർ, വെബ്‌ ഡവലപ്പർ, ഫിറ്റ്‌നസ്‌ ട്രെയിനർ, ആനിമേറ്റർ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, ബേക്കിങ് ടെക്‌നീഷ്യൻ ഓപ്പറേറ്റീവ്, ടെലികോം ടെക്‌നീഷ്യൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബേസിക്‌, എഐ മെഷീൻ ലേണിങ്‌ ജൂനിയർ ടെലികോം തുടങ്ങിയ കോഴ്സുകളാണ് ജില്ലയിൽ തുടങ്ങുന്നതെന്ന് ജില്ലാ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ സജീവ്‌ തോമസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top