22 December Sunday
ദേശീയപാത 744 സ്ഥലമേറ്റെടുപ്പ്

ന്യായമായ നഷ്ടപരിഹാരം 
ഉറപ്പാക്കും: മന്ത്രി കെ രാജൻ

സ്വന്തം ലേഖകൻUpdated: Friday Nov 15, 2024
 
കടയ്ക്കൽ
ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 744 (കടമ്പാട്ടുകോണം–- -ആര്യങ്കാവ്)നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഭൂവുടമകളുടെ പരാതി പരിഹരിക്കാൻ ചേംബറിൽ ചേർന്ന യോ​ഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി കൈമാറ്റം സംബന്ധിക്കുന്ന രേഖകൾ ഭൂവുടമകൾ കൊട്ടാരക്കര സ്പെഷ്യൽ തഹസിൽദാറുടെ കാര്യാലയത്തിൽ സമർപ്പിച്ചിരുന്നു. എന്നാൽ, സ്ഥലമേറ്റെടുപ്പിൽ തുടർനടപടി പൂർത്തീകരിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറായിരുന്നില്ല. ഇക്കാരണത്താൽ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. 2024ൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവിൽ ദേശീയപാത 66, -966 എന്നിവ ഒഴികെയുള്ള എല്ലാ ദേശീയപാത പദ്ധതികൾക്കും കാലപ്പഴക്കത്തിന് അനുസൃതമായി വിലയിൽ കുറവ് ചെയ്യണമെന്ന നിർദേശം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ഭൂവുടമകൾ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മന്ത്രിതല യോഗം ചേർന്നത്. 
ഈ ഉത്തരവ് പുനഃപരിശോധിച്ച് ദേശീയപാത 66നും 966നും സ്വീകരിച്ചിട്ടുള്ള അതേ മാനദണ്ഡം കൈക്കൊള്ളണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും പി എസ് സുപാൽ എംഎൽഎയും യോ​ഗത്തിൽ ആവശ്യപ്പെട്ടു. വസ്തുവും വീടും നഷ്ടപ്പെടുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. യോ​ഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ദേശീയപാത അതോറിറ്റിയെ അറിയിച്ച് അനുകൂലമായ തീരുമാനത്തിനായി ശുപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ, കലക്ടർ, റവന്യു -പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top