കൊല്ലം
ജില്ലാ ഭരണകേന്ദ്രത്തിന്റെയും ശിശുക്ഷേമസമിതിയുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ചിന്നക്കട ക്രേവൻ എൽഎംഎസ് ഹൈസ്‌കൂളിൽ ആരംഭിച്ച ഘോഷയാത്ര കലക്ടർ എൻ ദേവിദാസ് ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം ശ്രീനാരായണ കോളേജിൽ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അബ്റാർ ടി നാസിം ഉദ്ഘാടനംചെയ്തു. സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ശിശുദിന സ്റ്റാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് പ്രകാശിപ്പിച്ചു.
കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ തുടങ്ങിയവർക്കും ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും എം നൗഷാദ് എംഎൽഎ അവാർഡ് വിതരണംചെയ്തു. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായ എസിപി പ്രദീപ് കുമാർ, എക്സൈസ് മെഡൽ നേടിയ ശ്രീനാഥ്, വിദ്യാഭ്യാസ വകുപ്പിന്റെ ഒന്ന്, മൂന്ന് ക്ലാസിലെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ വരച്ച എസ് അനന്യ എന്നിവരെ അനുമോദിച്ചു.
റാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിനുള്ള കെ രവീന്ദ്രനാഥൻനായർ ട്രോഫിയും ക്യാഷ് അവാർഡും പട്ടത്താനം വിമലഹൃദയ സ്‌കൂളിന് എൻ എസ് സഹകരണ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ശ്രീകുമാർ സമ്മാനിച്ചു.
സിറ്റി പൊലീസ് കമീഷണർ ചൈത്രാ തെരേസ ജോൺ റാലിയിൽ സല്യൂട്ട് സ്വീകരിച്ചു. കുട്ടികളുടെ പ്രസിഡന്റ് ടി എസ് മാനവ് അധ്യക്ഷനായി. കുട്ടികളുടെ സ്പീക്കർ ആഷ്‌ന ഫാത്തിമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, ശിശുക്ഷേമ സമിതി ചെയർമാൻ സനൽ വെള്ളിമൺ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻദേവ്, ജോയിന്റ് സെക്രട്ടറി സുവർണൻ പരവൂർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, കോളേജ് പ്രിൻസിപ്പൽ എസ് വി മനോജ്, എസ് അക്ഷജ, എ ഭവികാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..