കടയ്ക്കൽ
സംസ്ഥാന ലൈബ്രറി കൗൺസിൽ ഇ എം എസ് പുരസ്കാരനിറവിൽ കാട്ടാമ്പള്ളി സന്മാർഗദായിനി ഗ്രന്ഥശാല. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 21ന് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, എഴുത്തച്ഛൻ പുരസ്കാര ജേതാവ് എൻ എസ് മാധവൻ എന്നിവർ ചേർന്ന് അവാർഡ് കൈമാറും.
1938ലെ കടയ്ക്കൽ വിപ്ലവത്തിനുശേഷം രൂപപ്പെട്ട സാംസ്കാരിക മുന്നേറ്റത്തിൽ തുടയന്നൂരിലും പരിസരത്തുമുണ്ടായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വാധീനമാണ് ഗ്രന്ഥശാലയുടെ പിറവിക്കിടയാക്കിയത്. 1950ൽ 832–-ാം നമ്പരായാണ് തുടക്കം. തുടയന്നൂർ അരത്ത കണ്ടപ്പൻക്ഷേത്ര മൈതാനത്തായിരുന്നു ആദ്യകാല പ്രവർത്തനം. പിന്നീട് മണലുവട്ടത്ത് വാടക കെട്ടിടത്തിലേക്കുമാറി. ആദ്യ സെക്രട്ടറിയായ എ എം ഇബ്രാഹിം കാട്ടാമ്പള്ളിയിൽ അഞ്ച് സെന്റ് നൽകി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്വന്തം കെട്ടിടമായി. 74 വർഷംപിന്നിടുമ്പോൾ സംസ്ഥാനത്തെ എ പ്ലസ് ഗ്രേഡുള്ള 45 ഗ്രന്ഥശാലകളിൽ ഒന്നായി. പ്രഥമ പുത്തൂർ സോമരാജൻ പുരസ്കാരം, എൻ ഇ ബാലറാം പുരസ്കാരം, മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
എൻ വി കൃഷ്ണവാരിയർ, പത്മരാജൻ, നരേന്ദ്രപ്രസാദ്, പുതുശ്ശേരി രാമചന്ദ്രൻ, അയ്യപ്പപണിക്കർ തുടങ്ങിയ പ്രമുഖർ ഗ്രന്ഥശാല സന്ദർശിച്ചിട്ടുണ്ട്. ഇ എം എസിന്റെ കൈയൊപ്പിട്ട പുസ്തക ശേഖരം, പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു മരിച്ചപ്പോൾ ഗ്രന്ഥശാല അയച്ച അനുശോചന കത്തും അതിന്റെ മറുപടി കത്തും എന്നിങ്ങനെ അമൂല്യരേഖകളും ഗ്രന്ഥശാലയിൽ സൂക്ഷിക്കുന്നു. 990 പഞ്ചായത്ത് പങ്കെടുത്ത സംസ്ഥാന സാംസ്കാരിക ശില്‍പ്പശാലയ്‌ക്ക് ഗ്രന്ഥശാല വേദിയായിട്ടുണ്ട്. 50അംഗങ്ങളും 200പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥശാലയിൽ ഇന്ന് 2150അംഗങ്ങളും 20225 പുസ്തകങ്ങളുമുണ്ട്. എസ് ഷൈജു പ്രസിഡന്റായും എസ് ആർ സന്തോഷ്‌കുമാർ സെക്രട്ടറിയായും 11അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..