കൊല്ലം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം 19ന് കുഴിമതിക്കാട് ഗവ. എച്ച്‌എസ്‌എസിൽ നടക്കും. എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലയിൽ പങ്കെടുക്കുന്നത്. 12 ഉപജില്ലയിൽനിന്ന് 96 കുട്ടികൾ മാറ്റുരയ്‌ക്കും.
രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് കൊല്ലം റൂറൽ എസ്‌പി കെ എം സാബുമാത്യൂ ടാലന്റ് ഫെസ്റ്റ് ഉദ്‌ഘാടനംചെയ്യും. ഗ്രാന്റ് മാസ്റ്റർ ജിഎസ് പ്രദീപ് മുഖ്യതിഥിയാകും. 10ന് മത്സരം ആരംഭിക്കും. എം മുകേഷ് എംഎൽഎ സമ്മാനങ്ങൾ വിതരണംചെയ്യും.
ജില്ലവരെ വ്യക്തിഗതമായാണ് മത്സരം. ജില്ലയിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടുന്നവർ ഒരു ടീമായി സംസ്ഥാനതലത്തിൽ മത്സരിക്കും. ജില്ലയിൽ വിജയികളാകുന്നവർക്ക് യഥാക്രമം 10000, 5000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.
സാഹിത്യരചനാ മത്സരം
ടാലന്റ് ഫെസ്റ്റിന്റെ ജില്ലാ മത്സരകേന്ദ്രത്തിൽ തന്നെ സാഹിത്യരചനാ മത്സരം നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഒരു വിഭാഗമായി കണക്കാക്കി കഥ, കവിത ഇനങ്ങളിലാണ് മത്സരം. വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം.
ജില്ലയിൽനിന്ന് കഥയിലും കവിതയിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..