30 October Wednesday

മികവിന്റെ ഏഴഴക്

അതുൽ ബ്ലാത്തൂർUpdated: Thursday Nov 16, 2023
കൊല്ലം
പഠനത്തിലും പാഠ്യേതരപ്രവർത്തനത്തിലും ഒരുപോലെ മികവ്‌ നിലനിർത്താനാകുന്നു എന്നതിന്റെ സന്തോഷത്തിലാണ്‌ ശാസ്‌താംകോട്ട കുമ്പളത്ത്‌ ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ്‌ കോളേജ്‌ മലയാളവിഭാഗം. നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ മത്സരങ്ങളിൽ പുസ്‌തകാസ്വാദനത്തിലും പദ്യപാരായണത്തിലും കഥാ വായനയിലും സമ്മാനം നേടിയതാണ്‌ പുതിയ സന്തോഷം. 
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്ത്‌ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നാലുപേരാണ്‌ ക്യാമ്പസിലേക്ക്‌ സമ്മാനവുമായെത്തിയത്‌. കഴിഞ്ഞ തവണ മൂന്നുപേർ സമ്മാനം നേടി. നിയസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ ഇത്രയധികം സമ്മാനം മറ്റൊരു സ്ഥാപനത്തിനും ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു, രണ്ടുതവണയായി ഏഴുസമ്മാനം.
ജൂനിയർ, സീനിയർ, മാസ്റ്റർ തലത്തിലായിരുന്നു ഇത്തവണ ഓൺലൈൻ മത്സരങ്ങൾ. സീനിയർ വിഭാഗം പുസ്‌തകാസ്വാദനം, കവിതചൊല്ലൽ എന്നിവയിൽ യഥാക്രമം ആർ ജി രാഗി, അഭിജിത്‌ എസ്‌ ബാബു എന്നിവർ ഒന്നാംസ്ഥാനത്തെത്തി. മാസ്റ്റർ വിഭാഗം കവിതചൊല്ലലിൽ എ വി ആത്മനും സീനിയർ വിഭാഗം കഥവായനയിൽ ആർ ആർ രജനിയും മൂന്നാംസ്ഥാനം നേടി.
നാടകകൃത്തും നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകനും സാഹിത്യനിരൂപകനുമായിരുന്ന ജി ശങ്കരപ്പിള്ള ജോലിചെയ്‌തിരുന്ന മലയാളവിഭാഗം അതിന്റെ എല്ലാ സജീവതയും നിലനിർത്തി മികവുപുലർത്തി മുന്നേറുന്നു എന്നതിന്റെ സന്തോഷംകൂടിയാണ്‌ ഇവർ പങ്കുവയ്‌ക്കുന്നത്‌.
കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തിൽ 2022ൽ കൈയെഴുത്ത് മാഗസിനും 2021ലും 2023ലും ഇ–--മാഗസിനും പ്രസിദ്ധീകരിച്ചു. ‘മഷി’ എന്ന ചുവർ മാഗസിനും ഉണ്ട്. സ്വന്തമായൊരു യൂട്യൂബ്‌ ചാനലുമുണ്ട്‌ മലയാളവിഭാഗത്തിന്‌. 
വിദ്യാർഥികളുടെ കലാപ്രകടനങ്ങൾക്കും സാഹിത്യപ്രവർത്തനത്തിനുമാണ്‌ പ്രാധാന്യം. അക്കാദമിക പ്രഭാഷണങ്ങൾ, വെബിനാറുകൾ, ഓൺലൈൻ ക്ലാസുകളുടെ ആർക്കൈവുകൾ എന്നിവയുമുണ്ട്‌ ചാനലിൽ. വിദ്യാർഥികളുടെ നേതൃത്വത്തിൽ രണ്ട് ചിത്ര–-- കരകൗശല പ്രദർശനങ്ങളാണ്‌ നിലവിൽ നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top