ചവറ
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നീണ്ടകരയിൽ പുതിയ രണ്ടു പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നീണ്ടകരപ്പാലത്തിന് സമാന്തരമായാണ് പുതിയ രണ്ടു പാലം വരുന്നത്. ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 22മീറ്റർ വീതിയിലും 650മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിന് ഇരുവശങ്ങളിലുമായി 17 പില്ലറിന്റെ പണി പൂർത്തീകരണത്തിലാണ്. പില്ലറിനു മുകളിലായി ലോഡ് സപ്പോർട്ടർ വയ്‌ക്കുന്ന പ്രവർത്തനങ്ങളും വേഗത്തിൽ നടന്നുവരികയാണ്. നീണ്ടകരയിൽ രണ്ടു പാലവും വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. ഇരുവശങ്ങളിലായി രണ്ടുപാലം നിർമിച്ചശേഷം പഴയപാലം അടച്ചിട്ട് സംരക്ഷിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
1972 ഫെബ്രുവരി 24നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരൻ നീണ്ടകരപ്പാലം നാടിന് സമർപ്പിച്ചത്. 422.5 മീറ്റർ നീളമുള്ള പാലം അക്കാലത്ത് ജില്ലയിലെ ഏറ്റവും നീളം കൂടിയതായിരുന്നു. നീണ്ടകര പഞ്ചായത്തിനെയും കൊല്ലം കോർപറേഷനെയും ബന്ധിപ്പിക്കുന്ന പാലം കടലിനും കായലിനും കുറുകെയാണ്. കടലും അഷ്ടമുടിക്കായലും സംഗമിക്കുന്നിടത്താണ് പാലം. 1930 ജൂൺ ഒന്നിന് തിരുവിതാംകൂർ റീജന്റ് മഹാറാണി ആയിരുന്ന സേതുലക്ഷ്മിഭായി തുറന്നുകൊടുത്ത സേതുലക്ഷ്മി പാലം ആണ് നീണ്ടകരയിൽ ആദ്യമുണ്ടായിരുന്നത്. ഇപ്പോഴും നീണ്ടകരപ്പാലത്തോട് ചേർന്നുള്ള ശംഖുമുദ്ര പതിപ്പിച്ച ശിലാഫലകവും കരിങ്കൽകെട്ടുകളും സേതുലക്ഷ്മി പാലത്തിന്റെ അടയാളങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..