27 November Wednesday

ചില്ലറക്കാരനല്ല, 
 വ്യാജ അരിഷ്ടകിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കൊല്ലം

ആരോഗ്യകരമായ സാമൂഹികഘടനയാണ് ഏതൊരു നാടിന്റെയും കരുത്ത്. ലോകത്തിന്റെ മാനവിക വികസന ഭൂപടത്തിൽ രാജ്യങ്ങളെ അടയാളപ്പെടുത്തുന്നതിൽവരെ ലഹരി ഫാക്ടർ നിർണായകമാണ്. ലഹരിക്ക് അടിമപ്പെടുന്ന വ്യക്തി അസാധാരണമായ മനോഭാവം പ്രകടമാക്കുക മാത്രമെന്ന്‌ ചുരുക്കി എഴുതാനാകില്ല. ഇത്‌ കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്നുവെന്ന യാഥാർഥ്യം കൺമുന്നിലുണ്ട്‌. നാടിന്റെയാകെ അഖണ്ഡതയെയും സാമ്പത്തിക –-സാംസ്കാരിക അടിത്തറയെയും ബൗദ്ധിക പുരോഗതിയെയും സമത്വമുന്നേറ്റങ്ങളെയും തടയുക കൂടി ചെയ്യുകയാണ്‌ ലഹരി.

 

കുറഞ്ഞ വിലയിൽ 
   കൂടുതൽ കിക്ക്

ലോകം അംഗീകരിച്ച ശാസ്ത്രവിഭാഗമായ ആയുർവേദത്തിൽ മാറ്റിനിർത്താനാകാത്തതാണ്‌ അരിഷ്ട പ്രയോഗം. പ്രകൃതിദത്ത ഔഷധച്ചേരുവകൾ ചേർന്ന്‌ ആരോഗ്യസംരക്ഷണത്തിനുള്ള ലായനിയുടെ പേരിലുള്ള വ്യജൻ ചില്ലറക്കാരനല്ല. ഇവനാണ്‌ കഴിഞ്ഞ മൂന്നു വർഷമായി ജില്ലയിലെ പ്രധാന ലഹരിവസ്തു. വിവിധ പരിശോധനകളിലായുള്ള കണക്കിൽ 2022ൽ 262.5 ലിറ്ററാണ്‌ പിടിച്ചെടുത്തതെങ്കിൽ മൂന്നിരട്ടി വർധിച്ച്‌ കഴിഞ്ഞ വർഷമിത്‌ 658ൽ എത്തി. 2024 ഇതുവരെയുള്ള കണക്കിൽ മാത്രം 1289.925 ലിറ്ററായി ഉയർന്നു കഴിഞ്ഞു. മുമ്പ്‌ സുലഭമായിരുന്ന അരിഷ്ടലഹരി ലോക്ഡൗൺ കാലത്ത്‌ ഉപഭോക്താക്കളിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇന്ന് മെഡിക്കൽ വിദ്ഗധരുടെ അംഗീകാരമില്ലാതെ നടക്കുന്ന അരിഷ്ട വില്‍പ്പന ജില്ലയുടെ മലയോര മേഖലകളിലാണ് സജീവം. കുറഞ്ഞ വിലയിൽ കൂടുതൽ കിക്ക് ലഭിക്കുക എന്നതാണ് വിപണനം ഇത്രത്തോളമാകാനുള്ള കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മായം ചേർത്തതും സ്റ്റോക്കിൽ തിരിമറി നടത്തിയും പഴകിയത്‌ വിറ്റതിന് ഉൾപ്പെടെ പിടിച്ചെടുത്ത കള്ളിന്റെ അളവിലും വർധനവുണ്ടെന്നാണ്‌ കണക്ക്. 2022ൽ വെറും രണ്ട് ലിറ്റർ മാത്രം പിടിച്ചെടുത്തിടത്ത്‌ കഴിഞ്ഞവർഷം 154, ഇക്കൊല്ലം എട്ട് മടങ്ങ് വർധിച്ച് 854.15 ലിറ്ററായും മാറി.

സീനിലുണ്ട്‌ പുതിയകാല ലഹരി

ഓരോ വർഷത്തിലും വ്യത്യസ്തങ്ങളായ ലഹരി രംഗത്തിറങ്ങുന്നു. രണ്ടുവർഷം മുമ്പ് ടൈഡോൾ, കഞ്ചാവ് ബീഡി, മറ്റ് സംസ്ഥാന മദ്യം മാത്രമുള്ളിടത്തുനിന്ന് ഇക്കൊല്ലം മനുഷ്യനിർമിത ഉത്തേജക മരുന്നായും ലഹരിയായും ഉപയോഗിക്കുന്ന മേത്താംഫെറ്റാമൈൻ യുവാക്കൾക്കിടയിലുണ്ട്. മെത്ത്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ എന്നിങ്ങനെയും ഇതറിയപ്പെടുന്നു. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരുന്നതാണിത്. മെത്ത് പൗഡ‍ർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവയ്ക്കുക തുടങ്ങിയ രീതിയിലാണ് ഉപയോഗം. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു സൈക്കോട്രോപിക് പദാർഥമായ ആംഫെറ്റാമിൻ, ഹെറോയിൻ എന്നിവയും ജില്ലയിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

പരിശോധനകൾ സജീവം

2022ൽ 11,188 പരിശോധനകൾ നടത്തിയതിൽ 9917 കേസും 2023ൽ 11,232ൽ 10,969, ഈ വർഷം ഇതുവരെ 6630 പരിശോധനകളിൽനിന്ന് 5084 കേസുകളും രജിസ്റ്റർചെയ്തു കഴിഞ്ഞു. ഇതിൽ 4083 അബ്കാരി കേസുകളും 1420 എൻഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്ട്) കേസുകളും 20,497 കൊട്പ കേസുകളും(സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും)ഉൾപ്പെടുന്നു.

എംഡിഎംഎയും കഞ്ചാവും

ജില്ലയിൽ വർധിക്കുന്നെന്ന്‌ കരുതപ്പെടുന്ന എംഡിഎംഎ, കഞ്ചാവ് ഉപയോഗത്തിന്റെ യാഥാർഥ്യം മറിച്ചാണ്. 2022ൽ 217.09, 2022ൽ 135.21, ഈ വർഷം 37.93 ഗ്രാം എന്നിങ്ങനെയാണ് കുറയുന്ന എംഡിഎംഎ കണക്കുകൾ. 137.95, 93.02, 50.17 കിലോഗ്രാം എന്നിങ്ങനെയാണ് സമീപവർഷങ്ങളിലും നിലവിലുമുള്ള പിടിച്ചെടുത്ത കഞ്ചാവ് കണക്ക്. എന്നാൽ, ഇതേസമയം കഞ്ചാവ് ചെടി വളർത്തൽ കൂടുന്നതായി കാണാനാകും. കഴിഞ്ഞ വർഷം മുമ്പത്തേക്കാൾ ഇരട്ടിയായ കഞ്ചാവ് ചെടി 51 എണ്ണമാണ്‌. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇക്കൊല്ലവും മാറ്റമില്ലാതെ തുടരാനാണ് സാധ്യത. പൊതുയിടങ്ങളിലും സ്വകാര്യ ഭൂമിയിലും കഞ്ചാവ് ചെടി പിടിച്ചെടുക്കുന്നത് കൗതുക വാർത്തയായും ട്രോളായും അവതരിപ്പിക്കപ്പെടുമ്പോൾ അത്ര നിസ്സാരമല്ല കാര്യങ്ങൾ എന്ന് സാരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top