കൊല്ലം
ജില്ലയിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലേറ്റം രൂക്ഷം. ന്യൂനമർദ്ദത്തെ തുടർന്ന് ആലപ്പാട്, നീണ്ടകര, കൊല്ലം ബീച്ച്, വാടി, വെടിക്കുന്ന്, പരവൂർ, അഴീക്കൽ, മുണ്ടയ്ക്കൽ, പൊഴിക്കര, മയ്യനാട്, താന്നിമുക്ക് എന്നിവിടങ്ങളിൽ ശക്തമായ കടൽകയറ്റമുണ്ടായി. ആലപ്പാട് പഞ്ചായത്തിൽ 30 വീടുകളിൽ വെള്ളം കയറി. ആലപ്പാട്, പറയകടവ്, കുഴിത്തുറ, ശ്രായിക്കാട്, അഴീക്കൽ മേഖലകളിലാണ് ശക്തമായി തിരമാല അടിച്ചുകയറിയത്. അഴീക്കൽ ബീച്ചിനു സമീപം കടകൾ തകർന്നു.
നീണ്ടകരയിൽ വീടിന്റെ മതിൽ തകർന്നു. ചൊവ്വ രാത്രി മുതൽ ആരംഭിച്ച കടലാക്രമണം പുലർച്ചയോടെ രൂക്ഷമാവുകയായിരുന്നു. പലയിടത്തും തീരത്തു വച്ചിരുന്ന വള്ളങ്ങളിലേക്ക് തിര അടിച്ചുകയറിയതിനാൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. തീരത്തുണ്ടായിരുന്ന വലകളിലും ഷെഡുകളിലും വെള്ളം കയറി കേടുപാട് സംഭവിച്ചിട്ടുണ്ട്.
തിരമാലകൾക്കൊപ്പം കരയിലേക്ക് അടിച്ചുകയറിയ മണൽ റോഡിൽ മൂടിയതിനാൽ തീരദേശ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ബീച്ചിലെ കച്ചവടക്കാരെയും വിവിധ കുടുംബങ്ങളെയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വെടിക്കുന്ന് ഭാഗത്ത് വീടുകൾ ഉൾപ്പെടെ കടലാക്രമണ ഭീഷണിയിലാണ്. ചൊവ്വാഴ്ച തിരുമുല്ലവാരം ഭാഗത്ത് മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും ആലപ്പാടുമുതൽ ഇടവ വരെ പ്രത്യേക ജാഗ്രതാപ്രദേശമായി പ്രഖ്യാപിച്ചു. മീൻപിടിത്ത ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..