എഴുകോൺ
അനശ്വര രക്തസാക്ഷികളായ കോട്ടാത്തല സുരേന്ദ്രന്റെയും കൊച്ചുകുട്ടന്റെയും കെ കെ ബാബുവിന്റെയും ശ്രീരാജിന്റെയും ദേവദത്തന്റെയും ഓർമകൾ ഇരമ്പുന്ന നെടുവത്തൂരിന്റെ ചുവന്നമണ്ണിൽ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് മനോഹരമായ ആസ്ഥാന മന്ദിരമൊരുങ്ങി. സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം ഇഎംഎസ് ഭവൻ ചൊവ്വ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.
സിപിഐ എം കൊട്ടാരക്കര താലൂക്ക് കമ്മിറ്റി വിഭജിച്ച് നെടുവത്തൂർ ഏരിയ കമ്മിറ്റി രൂപംകൊള്ളുന്നത് 1985നാണ്. ബി രാഘവനായിരുന്നു ആദ്യ ഏരിയ സെക്രട്ടറി.വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഏരിയ കമ്മിറ്റി ഓഫീസിന് 1991ലാണ് എഴുകോണിൽ ഭൂമിയും കെട്ടിടവും വാങ്ങുന്നത്. പഴകി ദ്രവിച്ച കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടമെന്നത് പാർടി പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ അന്തരിച്ച ബി രാഘവന്റെ ഓർമ ദിവസമായ 2023 ഫെബ്രുവരി 23ന് പുതിയ കെട്ടിടത്തിന് കല്ലിട്ടു. പാർടി അംഗങ്ങൾ തങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം നിർമാണച്ചെലവിലേക്ക് നൽകി.
സുമനസ്സുകൾ സഹായിച്ചതോടെ മൂന്നുനിലയുടെ മനോഹരമായ മന്ദിരമായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടപ്പോഴും നെടുവത്തൂർ ഏരിയയിലെ അഞ്ച് പഞ്ചായത്തുകളും ഇടതിനൊപ്പം നിന്നു. അങ്ങനെ എക്കാലവും എൽഡിഎഫിനെ നെഞ്ചേറ്റിയ നെടുവത്തൂരിന് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ ആസ്ഥാന മന്ദിരം.ചൊവ്വ വൈകിട്ട് നാലിന് കല്ലുംപുറം ജങ്ഷനിൽ നിന്നും ബഹുജനറാലിയും ചുവപ്പുസേന പരേഡും ആരംഭിക്കും.
എഴുകോൺ ജങ്ഷനിൽ പൊതുസമ്മേളനം നടക്കും. ബി രാഘവൻ സ്മാരക കോൺഫറൻസ് ഹാൾ കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാലും ജി ആർ രമണൻ സ്മാരക മിനി കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി എസ് സുദേവനും ഇ എം എസ് ലൈബ്രറി ഹാൾ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാലും ഉദ്ഘാടനംചെയ്യും. പി കെ ഗുരുദാസൻ ഫോട്ടോ അനാച്ഛാദനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..