കൊല്ലം
വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐ എം ജില്ലയിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. കരുനാഗപ്പള്ളി, കുണ്ടറ നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫ് തിരിച്ചുപിടിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ശതമാനം കൂടിയപ്പോൾ പിന്നീട് വന്ന തദ്ദേശ–- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഗണ്യമായി കുറഞ്ഞത് സിപിഐ എമ്മിന്റെ കരുതലോടെയുള്ള പ്രവർത്തനം കൊണ്ടാണ്. കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു എസ് സുദേവൻ.
കൊല്ലത്ത് കോൺഗ്രസും ബിജെപിയും ചങ്ങാതിമാരായി മത്സരിച്ചതിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിലും കരുനാഗപ്പള്ളിയിലും കണ്ടത്. ബിജെപിയുടെ മൂന്നുശതമാനം വോട്ട് ഈ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസിനു മറിച്ചുനൽകി. കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വത്തിന്റെ ഫലമാണ് കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്താൻ കാരണം.
ജനകീയ അടിത്തറ ഭദ്രം
ബഹുജനപ്രശ്നങ്ങളിലും ആധുനികകാല വിഷയങ്ങളിലും സജീവമായി ഇടപെടുന്ന പാർടിയുടെ ജനകീയ അടിത്തറ ജില്ലയിൽ ഭദ്രമാണ്. ഇപ്പോൾ 52,643 പാർടി അംഗങ്ങളുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള പരിപാടികളിൽ നാൽപ്പതിനായിരത്തോളം അനുഭാവികൾ പങ്കെടുത്തു. മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കുന്ന സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത് 27ന് സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ചേരും.
പാർടി അച്ചടക്കം പാലിച്ച് സമ്മേളനങ്ങൾ നടത്താൻ നേരത്തെയുള്ള കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്കു കഴിഞ്ഞില്ല. പാർടി തീരുമാനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് കരുനാഗപ്പള്ളിയിൽ അഡ്‌ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. അഡ്‌ഹോക്ക് കമ്മിറ്റി ആഴത്തിലുള്ള പരിശോധനകളും അന്വേഷണങ്ങളും നടത്തി നടപടികൾ കൈക്കൊള്ളും. നേതൃസ്ഥാനത്ത് യുവത്വത്തിന്റെ പ്രാധാന്യം വർധിച്ചു. വനിതകൾക്കും യുവജനങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകി മുന്നിലേക്ക് കൊണ്ടുവരികയാണെന്നും സുദേവൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഡി ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും ട്രഷറർ കണ്ണൻനായർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..