സ്വന്തം ലേഖകൻ
കൊല്ലം
വീണ്ടുമൊരു ക്രിസ്‌മസ് ആഘോഷത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. നാടാകെ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ വിപണികളും ഉണർന്നു. ആഘോഷത്തിന് നിറപ്പകിട്ടേകാൻ വൈവിധ്യങ്ങളായ നക്ഷത്രങ്ങളും അനുബന്ധ സാധനങ്ങളും വിപണി കൈയടക്കി കഴിഞ്ഞു. പലനിറത്തിലും രൂപത്തിലും പുതുമയാർന്ന പേപ്പർ, പ്ലാസ്റ്റിക്, ഫൈബർ, എൽഇഡി തുടങ്ങി വിവിധതരത്തിലുള്ള നക്ഷത്രങ്ങളാണ് വിപണയിലെത്തിയിരിക്കുന്നത്. ചുവന്ന കുപ്പായവും കൂർത്തതൊപ്പിയും അണിഞ്ഞ് നരച്ചതാടിയും മുടിയുമായെത്തുന്ന സാന്താക്ലോസാകാനാണ് കുട്ടികൾക്ക് ഏറെയിഷ്‌ടം. അതുകൊണ്ടുതന്നെ കടകളിൽ തൊപ്പിയും കുപ്പായവും വാങ്ങാൻ വൻതിരക്കാണ്.
എൽഇഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങൾ. പൂൽക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകൾ, വർണക്കടലാസുകൾ, ബോളുകൾ, എൽഇഡി ബൾബുകൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആളുകൾ കൂടുതലായി പേപ്പർ നക്ഷത്രങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പുതിയ മോഡലുകളിലെത്തുന്ന എൽഇഡി ഫൈബർ നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്. 50മുതൽ 400രൂപവരെയാണ് നക്ഷത്രങ്ങൾക്ക് വിപണിയിലെവില. പേപ്പർ നക്ഷത്രങ്ങൾ വിപണിയിൽ 150മുതൽ 250രൂപയ്‌ക്കുവരെയാണ് വിൽക്കപ്പെടുന്നത്. ആകർഷണീയമായ എൽഇഡി നക്ഷത്രങ്ങൾക്കും വിപണിയിൽ വൻഡിമാൻഡാണ്. 200 മുതൽ 500രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 200 മുതൽ 1000 രൂപവരെയുള്ള എൽഇഡി നക്ഷത്രങ്ങളുമുണ്ട്.
പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് 400രൂപയോളം വിലവരും. ഫൈബറിൽ നിർമിച്ചവയ്ക്ക് വലുപ്പമനുസരിച്ചു 160മുതലാണ് വില. നക്ഷത്രങ്ങൾക്കൊപ്പം ക്രിസ്മസ് ട്രീ, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, വേഷവിധാനങ്ങൾ, എൽഇഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയും വിപണിയിലുണ്ട്. ഇവയിൽ കൂടുതലും ചൈനീസ് ഉൽപ്പന്നങ്ങളാണുള്ളത്. ഒരടി മുതൽ പത്തടി വരെ നീളമുള്ള ക്രിസ്മസ് ട്രീ വരെ വിപണിയിൽ ലഭ്യമാണ്. 200 മുതൽ 8000 വരെയാണ് ട്രീകളുടെ വില. ആറടി ഉയരമുള്ള ഇത്തരം ക്രിസ്‌മസ് ട്രീയ്ക്ക് 700 മുതൽ 900 വരെയാണു വില. പുൽക്കൂട് രൂപങ്ങളുടെ സെറ്റിന് 200 മുതൽ 1000 വരെയാണ് വിപണിയിലെ വില. മരച്ചില്ലകൾ വെട്ടിയൊരുക്കി, അലങ്കരിക്കുന്ന ക്രിസ്‌മസ് ട്രീകളേക്കാൾ ഏറെപ്പേർക്കും പ്രിയം പ്ലാസ്‌റ്റിക്കിൽ നിർമിച്ച ട്രീകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..