സ്വന്തം ലേഖകൻ
കൊല്ലം
കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്ഷൻ ഉപദേശകനായി തെരഞ്ഞെടുത്ത ഏണസ്റ്റ് ആൻഡ് യങ്ങിന്റെ മാനേജിങ് പാർട്ണർ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, ഫിഷറീസ് ഡയറക്ടർ അബ്ദുൾ നാസർ, തീരദേശ വികസന കോർപറേഷൻ എൻജിനിയർ ടി വി ബാലകൃഷ്ണൻ, ഏണസ്റ്റ് ആൻഡ് യങ് അസോസിയറ്റ് വൈസ് പ്രസിഡന്റ് നമൻ മോഗ്ങ എന്നിവർ പങ്കെടുത്തു.
സമുദ്രശാസ്ത്ര ഗവേഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെ ബൃഹത്ത് സംരംഭമാണ് കൊല്ലത്ത് യാഥാർഥ്യമാകുന്നത്. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ 300കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10കോടി രൂപയും അനുവദിച്ചിരുന്നു. സംസ്ഥാനത്തെ സമുദ്രതീരത്തെയും സമൃദ്ധമായ സസ്യ ജൈവജാലത്തെയും ശാസ്ത്രിയവും സാംസ്കാരികവുമായ നിലയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പ്പായി പദ്ധതി മാറുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സമുദ്ര ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപ്പന. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
മത്സ്യ പവിലിയനുകൾ, ടച്ച് ടാങ്കുകൾ, തീം ഗ്യാലറികൾ, ടണൽ ഓഷ്യനേറിയം, ആംഫി തിയറ്റർ, സൊവിനിയർ ഷോപ്പുകൾ, മർട്ടി മീഡിയ തിയറ്റർ, മറൈൽ ബയോളജിക്കൽ ലാബ്, ഡിസ്പ്ലേ സോൺ, കഫറ്റേറിയ എന്നിവയൊക്കെയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നോഡൽ ഏജൻസി. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത, വിശദമായ മാതൃകാ പഠനം, വിശദ പദ്ധതിരേഖ തയ്യാറാക്കൽ, കൺസഷനറെ തെരഞ്ഞെടുക്കൽ, പദ്ധതി പൂർത്തീകരണം വരെയുള്ള സാങ്കേതിക സഹായം എന്നീ ചുമതലകൾക്കായാണ് ട്രാൻസാക്ഷൻ ഉപദേശകനായി ഏണസ്റ്റ് ആൻഡ് യങ് പ്രവർത്തിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..