കടയ്ക്കൽ
കിംസാറ്റ് സഹകരണ ആശുപത്രിയെ പ്രശംസിച്ച് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്. പനിയും ശ്വാസതടസ്സവുമായി ആശുപത്രിയിൽ ചികിത്സതേടിയ കോൺഗ്രസ് നേതാവ് നിയാസ് ഭാരതിയാണ് ആശുപത്രിയിലെ മികച്ച സേവനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. കടയ്ക്കൽ സഹകരണ ബാങ്കിന്റെ അനുബന്ധസ്ഥാപനമായി ഒരുവർഷം മുമ്പാണ് ഗോവിന്ദമംഗലത്ത് കിംസാറ്റ് പ്രവർത്തനം തുടങ്ങിയത്.
‘എല്ലാവിധ സൗകര്യങ്ങളോടെയും ശാന്തമായ സ്ഥലത്ത് മികച്ച സൗകര്യങ്ങളോടെയാണ് ആശുപത്രി. മികച്ച സൗകര്യവും വൃത്തിയും വെടിപ്പും. മിടുക്കരും സ്നേഹസമ്പന്നരുമായ മികച്ച ഡോക്ടർമാരെ കണ്ടെത്താൻ കിംസാറ്റ് നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട്. നഴ്സിങ് സ്റ്റാഫുകളും സ്നേഹമായി കരുതലോടെ രോഗികളെ പരിചരിക്കുന്നവർ. മറ്റു ജീവനക്കാരും തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവർ. അവർ ആശുപത്രിയെ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്നു. അസുഖം ഉണ്ടാകുമ്പോൾ കിലോമീറ്ററുകൾ താണ്ടി നഗരത്തിൽ പോകുന്നത് സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണ്. അതിനാണ് കിംസാറ്റ് പകരമാകുന്നത്. ആശുപത്രിയുടെ ഉദ്‌ഘാടനശേഷം ഒരു കുറിപ്പ് എഴുതണം എന്ന് കരുതിയിരുന്നതാണ്. എന്നാൽ, എന്റെ രാഷ്ട്രീയവീക്ഷണം വ്യത്യസ്തമായതുകൊണ്ട് അത് വേണോ വേണ്ടയോ എന്ന് ആലോചിച്ചു. കോൺഗ്രസ് അനുഭാവിയായി തുടർന്നുകൊണ്ട് തന്നെ കിംസാറ്റിനെയും അതിന്റെ ഭരണനേതൃത്വത്തെയും അഭിനന്ദിക്കുന്നു. സഖാവ് വിക്രമനെക്കുറിച്ച് എഴുതാതിരിക്കാനും ആകില്ല. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ് കിംസാറ്റ് ഇവിടെവരെ എത്തിയത്. അമിതലാഭം കൊയ്യുന്ന, രോഗികളെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്ക് ബദലാകണം മാതൃകാ സ്ഥാപനം. കിംസാറ്റിന്റെ വിജയം അസൂയാവഹമാണെന്നു നിസ്സംശയം പറയാൻ ആഗ്രഹിക്കുന്നു’ –- പോസ്റ്റിൽ പറയുന്നു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..