കൊല്ലം
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടി ജില്ലയിൽ കായികമേഖലയ്‌ക്കും ഉണർവേകും. ചടയമംഗലം പഞ്ചായത്ത് വക കളിസ്ഥലത്ത് ഒരു കോടിയുടെ നവീകരണം ധ്രുതഗതിയിൽ. 50 ലക്ഷത്തിന്റെ വീതം രണ്ട് കരാറായാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. സ്‌റ്റേഡിയം മണ്ണിട്ട് നിരത്തുന്നതും സിന്തറ്റിക് ട്രാക്ക് നിർമാണവും പുരോഗമിക്കുന്നു. സ്‌റ്റേഡിയത്തിൽ ഇരിപ്പിടവും നിർമിക്കുന്നു. ഡ്രയിനേജ് സംവിധാനത്തിന് ഓട നിർമാണം പൂർത്തിയായി. മന്ത്രി ജെ ചിഞ്ചുറാണിയുടെ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽനിന്നും അമ്പതു ലക്ഷവും കായിക വകുപ്പിന്റെ അമ്പതു ലക്ഷവും ചെലവഴിച്ചാണ് നിർമാണം. ചടയമംഗലം സൊസൈറ്റി ജങ്‌ഷനിൽ എംജി സ്‌കൂളിനു സമീപമാണ് സ്‌റ്റേഡിയം. കൊല്ലത്ത് ഹോക്കി സ്‌റ്റേഡിയത്തിലുള്ള ലേഡീസ് ഹോസ്‌റ്റൽ രണ്ടരക്കോടി രൂപ ചെലവിലാണ് പുതുക്കി നിർമിക്കുന്നത്. വൈകാതെ ഇവിടെ ആധുനിക സൗകര്യത്തോടെ പുതിയ ഹോസ്‌റ്റൽ ഉയരും. ചാത്തന്നൂർ മണ്ഡലത്തിൽ ചിറക്കര പഞ്ചായത്ത് എംസി പുരം ഗ്രൗണ്ടിന്റെ അടിസ്ഥാന സൗകര്യവികസനം നടക്കുന്നു. 30.66 ലക്ഷത്തിന്റെ നിർമാണം തുടങ്ങിയിട്ട് ഒരുമാസമായി. ചിറക്കര പഞ്ചായത്ത് ഗവ. ഹൈസ്‌കൂൾ കളിസ്ഥലവും ഒരുകോടി ചെലവഴിച്ച് നവീകരിക്കും. നെടുമ്പന പഞ്ചായത്ത് ഗ്രൗണ്ടിൽ കായികവകുപ്പ് അനുവദിച്ച 99 ലക്ഷത്തിന്റെ നിർമാണമാണ് വൈകാതെ ആരംഭിക്കുന്നത്. മൺ സ്‌റ്റേഡിയമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയം നിർമാണവും കായികമേഖലയ്‌ക്ക് പുത്തനുണർവേകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..