19 September Thursday

കരുതൽ കരുത്തിൽ ജീവിതതീരം തൊട്ടവർ

ജിഷ്ണു മധുUpdated: Wednesday Sep 18, 2024
കൊല്ലം
(നെടുങ്ങോലം, പരവൂർ രാമറാവു മെമ്മോറിയല്‍ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി–-അഡിക്‌ഷൻ സെന്ററിലെ മെഡിക്കൽ മൾട്ടി ഡിസിപ്ലിനറി ടീമിനോട്‌ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്‌. നിഖിൽ എന്ന പേര് സാങ്കൽപ്പികം.)
 
മുൻവിധികളുടെ 
സമൂഹം
എട്ടാം വയസ്സിൽ മദ്യപാനം തുടങ്ങിയവനെന്നും (കുട്ടി, വിദ്യാർഥി, മോൻ, നിഖിൽ എന്നുള്ള വിളി കേട്ടിട്ടില്ല) അവനോടുള്ള കൂട്ടുവേണ്ടെന്നും അവന്റെതന്നെ സാന്നിധ്യത്തിൽ പറയുന്ന സഹപാഠികളുടെ അച്ഛനമ്മമാർ. അവനുണ്ടേൽ ഇന്നിനി ഗ്രൗണ്ടിലേക്ക് പോകേണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന മുതിർന്നവർ. ഇതൊക്കെയായിരുന്നു സമൂഹത്തിന്റെ കൺമുന്നിൽ നിഖിലും അവനോടുള്ള സമീപനവും. മറ്റുള്ളവരുടെ മുന്നിൽ അമ്മയും വേണ്ടപ്പെട്ടവരും അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ടി വന്നത് നിരവധി തവണ. 
കുപ്പികളുടെ നിറംമാറി, ബ്രാൻഡുകൾ 
സുപരിചിതം
പല ബുദ്ധിമുട്ടനുഭവിക്കുന്ന സാമൂഹ്യ–-സാമ്പത്തിക പശ്ചാത്തലമായിരുന്നു നിഖിലിന്റേത്. അച്ഛൻ ഉപേക്ഷിച്ചതോടെ കുടുംബം നോക്കാനേറെ പണിപ്പെടുന്ന അമ്മയ്ക്ക് കൃത്യമായ മേൽനോട്ടം നൽകാനായില്ല. എട്ടു വയസ്സ്‌ മാത്രമുള്ള മൂന്നാം ക്ലാസ് വിദ്യാർഥി മദ്യപാനം ആരംഭിച്ചുവെന്നത് പരിതാപകരമായ ജീവിതാവസ്ഥയുടെ നേർസാക്ഷ്യമാകണം. മുതിർന്ന കൂട്ടുകാരായിരുന്നു ആദ്യ ഗ്ലാസിൽ ലഹരി പകർന്ന്‌ നൽകിയത്. ഒരു വിശേഷവേളയിലാണ് ആദ്യമായി കുടിച്ചതെങ്കിലും അത് സ്ഥിരമായി. കുപ്പികളുടെ നിറംമാറുകയും ബ്രാൻഡുകൾ കൂട്ടുകാരുടെ പേരുപോൽ സുപരിചിതമാകുകയും ചെയ്തു. വീടിന്റെ വെളിച്ചമെത്താത്ത മൂലയും പാടവും സ്കൂളിന്റെ പിൻവശവും കൂട്ടുകാരുടെ വീടിന്റെ ടെറസും സ്പോട്ടുകളായി. പതിനൊന്നാം വയസ്സിൽ പുകവലി ആരംഭിച്ചു. സിഗരറ്റും ബീഡിയും നിരോധിക പുകയില ഉൽപ്പന്നങ്ങളെല്ലാം രുചിച്ചു. എണ്ണാൻ പറ്റാത്തവിധം കത്തിത്തീർന്ന പുകച്ചുരുളുകളും ഒഴിഞ്ഞകുപ്പികളും വർധിച്ചു.
 
വീണ്ടെടുക്കലിന്റെ 
നാൾവഴി
പ്രതീക്ഷിക്കാനാകുന്നതിലുമേറെ നേരത്തെ ലഹരിയുടെ ചുഴിയിൽപെട്ടവനാണ് നിഖിൽ എന്നത്‌ ശരിതന്നെയാണ്‌. ചുഴിയിൽ മുങ്ങിത്താഴ്ന്ന നേരത്താണ് പിടിച്ചു കയറാനെന്നമട്ടിൽ വിമുക്തി ഡി അഡിക്‌ഷൻ സെന്റർ എത്തുന്നത്. അക്കാദമിക് ഇതര മേഖലകളിൽ സജീവമായിരുന്ന നിഖിൽ ഉൾവലിഞ്ഞു. സ്കൂളിലെ ഹാജർനില മാസത്തിൽ രണ്ടക്കം കാണാത്ത നിലയായി. അമ്മയും ബന്ധുക്കളും മുൻകൈയെടുത്താണ് സെന്ററിൽ എത്തിക്കുന്നത്. മെഡിക്കൽ ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്‌ സോഷ്യൽ വർക്കർ എന്നിവർ മൾട്ടിഡിസിപ്ലിനറി ടീമായിനിന്ന്‌ നിഖിലിനോട് ഇടപെട്ടു. ശാരീരിക പരിശോധനയ്ക്കു വിധേയനാക്കിയതിൽനിന്നും എത്രത്തോളമാണ് ആരോഗ്യനിലയെന്ന ധാരണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാക്കി കാര്യങ്ങൾ. വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രാരംഭഘട്ടത്തിൽ പ്രതിസന്ധികളുണ്ടായിരുന്നു. മരുന്നുകളോടുള്ള വിമുഖത തുടരുന്നതിനിടയിലും സൗമ്യമായ ആശയകൈമാറ്റം സഹകരണമനോഭാവത്തിന്റെ നെടുംതൂണായി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിഖിലുമായി നിരന്തര സെക്‌ഷനുകൾ നടത്തി. ചെറുപ്പകാലം മുതലുള്ള പ്രശ്നങ്ങൾ പഠിച്ചശേഷം കോപ്പിങ് മെക്കാനിസം (സമ്മർദകരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന രീതി) തയ്യാറാക്കി. സോഷ്യൽ വർക്കർ രക്ഷാകർത്താവിന്‌ ഉൾപ്പെടെയുള്ള കൗൺസലിങ്‌ നൽകി. 
 
അവഹേളനങ്ങളെന്ന മുറിവുകൾ
ഇൻസൾട്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന സിനിമാ ഡയലോഗ്‌ സാമൂഹ്യമാധ്യമങ്ങളിലാകെ ആഘോഷിക്കപ്പെട്ട ഒന്നാണ്‌. എന്നാൽ, എല്ലാവരുടെയും കാര്യത്തിൽ അങ്ങനെയല്ല, അവഹേളനങ്ങളെന്നത്‌ ഉള്ളിൽ ആഴത്തിൽ വേദനനിറയ്ക്കുന്ന മുറിവുകളാണെന്ന്‌ പറഞ്ഞിരുന്നു നിഖിൽ. ചെറുപ്പം മുതൽ നേരിട്ട അവഗണന, മാറ്റിനിർത്തപ്പെടൽ, കുറ്റമാരോപിക്കപ്പെടൽ എന്നിവയെല്ലാം അനുദിനം കൂടി വന്നതാണ് ജീവിതഗതി മാറ്റിയത്. നിറം, ജാതി, ജെൻഡർ, തൊഴിൽ എന്നിവയിലെല്ലാം അപമാനിച്ച്‌ കൂട്ടത്തിൽ ദുർബലരായവരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നവരുണ്ട്‌. രാജേഷ് പിള്ളയുടെ മിലി എന്ന സിനിമയിൽ രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയും നേരിടുന്നത് സമാനവിഷമമാണെന്ന് നിരവധി ട്രോമകൾ ബാല്യകാലത്ത്‌ നേരിട്ട അമലപോളിന്റെ ടീച്ചർ കഥാപാത്രം പറയുന്നുണ്ട്. നിഷ്കളങ്കതമാത്രം കൈമുതലായ സമയത്ത്‌ ലഹരി തേടണമെങ്കിലും അതിനെ തുടർച്ചയായി ആശ്രയിക്കുന്ന കുട്ടിക്കു നേരെ ചൂണ്ടുന്ന ഒരു വിരലിന് പകരമായി നാല്‌ വിരലുകൾ സമൂഹത്തിന് നേരെ നീളുന്നുണ്ട്‌. 
 
തീരംതൊട്ട 
പ്രതീക്ഷയുടെ യാത്ര 
നിഖിലിന്റെ ജീവിതം പ്രതീക്ഷയുടെ യാത്ര തീരംതൊട്ടു കഴിഞ്ഞു. അടിമുടി ഉഷാറായി സെന്ററിൽ കൈത്താങ്ങായവരോട്‌ നന്ദി പറഞ്ഞാണ്‌ പടിയിറങ്ങിയത്‌. ഡി–-അഡിക്‌ഷൻ സെന്ററിൽനിന്ന് മടങ്ങി സ്കൂളിലേക്കെത്തുന്നതിനിടയിലുള്ള യാത്രയുടെ ദൂരവും കടന്നുപോയ സമയങ്ങളും നിഖിലിനിപ്പോൾ പൂർണ ധാരണയുണ്ട്‌. മറ്റുള്ള വിദ്യാർഥികളെയും ഒപ്പമുള്ള സുഹൃത്തുക്കളെയും ലഹരിയിലേക്കടുക്കുന്നതിൽ നിന്ന്‌ തടയുന്നതിൽ ഈ യാത്ര കരുത്താകുമെന്നത്‌ തീർച്ച.       (തുടരും...)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top