അഞ്ചൽ
കേന്ദ്രസർക്കാരിന്റെ നീതി ആയോഗും അടൽ ഇന്നൊവേഷൻ മിഷനും സംയുക്തമായി സ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ ടിങ്കർ പ്രണർ പരിപാടിയിൽ നൂതന ആശയം അവതരിപ്പിച്ച് അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഹമ്മദ് സിനാൻ ദർവിഷ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 7500ൽ അധികം ആശയങ്ങൾ വന്നതിൽ ആദ്യത്തെ നൂറെണ്ണത്തിൽ 21-–ാ-മതായി അഹമ്മദ് സിനാൻ അവതരിപ്പിച്ച സെനോറിയ എന്ന വെബ്‌സൈറ്റ് തെരഞ്ഞെടുത്തു. ആർക്കും എളുപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ചെയ്യാൻ കഴിയുന്ന എല്ലാ ലിങ്കുകളും തന്റെ വെബ്‌സൈറ്റിലൂടെ ഒരു കുടക്കീഴിൽ എത്തിക്കുകയായിരുന്നു അഹമ്മദ് സിനാന്റെ ആശയം. 40 ദിവസത്തോളം അടൽ ഇന്നൊവേഷൻ മിഷൻ ഈ പ്രോജക്ടിൽ രജിസ്റ്റർചെയ്ത എല്ലാ വിദ്യാർഥികൾക്കും പരിശീലനം നൽകിയിരുന്നു. വിവിധ ഘട്ടങ്ങളിലായി നൽകിയ പരിശീലനത്തിനുശേഷം കുട്ടികൾ അവരുടെ ആശയങ്ങൾ അയച്ചുകൊടുത്തു. ടിങ്കർ പ്രണർ പ്രോജക്ടിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച 100 ആശയങ്ങളിൽ കേരളത്തിൽനിന്ന് ആറെണ്ണമുണ്ട്. അധ്യാപിക ദിവ്യ അശോകും അഹമ്മദ് സിനാന്റെ ആശയങ്ങൾക്ക് സഹായമായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സ്‌കൂളിൽ ആരംഭിച്ച അതിവിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിൽ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൗ ആൻഡ് വൈ കമ്പനിയാണ് പരിശീലനം നൽകുന്നത്. ചടയമംഗലം സ്വദേശിയായ അഹമ്മദ് സിനാന്റെ അച്ഛൻ സാവദ് ദർവിഷ്, അമ്മ ജസീന ജലാലുദീൻ, സഹോദരങ്ങൾ സയാൻ, ഇസാൻ, മുഹമ്മദ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..