അഞ്ചൽ > കുന്നിലും താഴ്‌വാരത്തും വരിവരിയായ് നിരന്നുനിൽക്കുന്ന എണ്ണപ്പനകൾ, ആരെയും ആകർഷിക്കുന്ന പച്ചപ്പട്ടുവിരിച്ചതോട്ടം. പ്രകൃതിഭംഗിയും കോടമഞ്ഞും ആസ്വദിക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഏരൂർ എസ്റ്റേറ്റ്. ഏരൂർ ചിതറ കുളത്തൂപ്പുഴ പഞ്ചായത്തുകളിലായി 3646 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റ് പുനലൂർ, ചടയമംഗലം മണ്ഡലത്തിലായാണ് സ്ഥിതിചെയ്യുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്ത് സഹ്യപർവത മലനിരകൾക്ക് അരികിലായി ആരംഭിച്ച എണ്ണപ്പനത്തോട്ടം ഫാം ടുറിസത്തിന്റെ അനന്തസാധ്യതകളാണ് തുറക്കുന്നത്.
ഏരൂരിൽ ഭാരതീപുരത്തുനിന്നും വിളക്കുപാറയിലേക്ക് ഓയിൽ പാം എസ്റ്റേറ്റിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ചാൽ കുന്നിൻ മുകളിലുള്ള ഓയിൽ പാം ഫാക്ടറിയിലെത്താം. എണ്ണപ്പനക്കുരുക്കൾ കൊണ്ടുവന്ന് യന്ത്രസഹായത്താൽ വിവിധ പ്രോസസിങ് നടത്തി എണ്ണ ഉൽപ്പാദിപ്പിക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്. ശരീരസൗന്ദര്യ വസ്തുക്കളുടെ നിർമാണം മുതൽ ഭക്ഷ്യ ആവശ്യത്തിനുവരെ ഉപയോഗിക്കാനുള്ള എണ്ണ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അധികൃതരുടെ അനുമതിവാങ്ങിയാൽ ഫാക്ടയിലെ ഓയിൽ പാം ഉൽപ്പാദനം നേരിട്ടുകാണാം. ഇങ്ങനെയെത്തുന്നവർ ഇപ്പോൾ ധാരാളമാണ് ഫാക്ടറി അധികൃതർ പറയുന്നു. എണ്ണപ്പനകൾ മുറിച്ചുമാറ്റിയ മലനിരകളിൽനിന്ന് കിഴക്കോട്ട് നോക്കിയാൽ സഹ്യപർവത മലകളിൽനിന്നും പുലർച്ചെ ഒഴുകിയെത്തുന്ന കോടമഞ്ഞ് നമ്മെ തഴുകിത്തലോടും.
ഏരൂർ എസ്റ്റേറ്റ് വൈവധ്യവൽക്കരണത്തിന്റെ ഭാഗമായി ടൂറിസം പദ്ധതിക്കായൊരുങ്ങിയിരുന്നു.
വിവിധ ടൂറിസം പദ്ധതികളുമായി കൂട്ടിയോജിപ്പിച്ചുള്ള പദ്ധതിയായിരുന്നു ലക്ഷ്യമിട്ടത്. ഓയിൽപാമിന്റെ ഭംഗി നഷ്ടപ്പെടാതെ, കൃഷിയ്ക്കു കോട്ടംതട്ടാതെ ഫാം ടൂറിസം നടപ്പാക്കാൻ കഴിഞ്ഞാൽ പുതിയ സാധ്യതകളാണ് പ്രദേശത്തുണ്ടാവുക. ചെറിയ വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും മനോഹരങ്ങളായ പാറക്കൂട്ടങ്ങളും കൃഷിയും സഞ്ചാരികളുടെ മനം കവരുന്നതാണ്. സമീപ പ്രദേശത്തെ ടൂറിസം മേഖലയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിനു തുടക്കമിട്ടാൽ സഞ്ചാരികൾ ഒഴുകിയെത്തും. ഓയിൽ പാം ഫാക്ടറിയെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും കാണാനും താമസിക്കാനും സഞ്ചാരികൾക്ക് സൗകര്യമുണ്ട്. ചടയമംഗലം ജടായുപ്പാറ, തെന്മല ഇക്കോ ടൂറിസം, പാലരുവി വെള്ളച്ചാട്ടം, കുടുക്കത്തുപാറ, മലമേൽ പാറ, ആർച്ചൽ ഓലിയരുക് വെള്ളച്ചാട്ടം, കോട്ടുക്കൽ ഗുഹാക്ഷേത്രം, തുടങ്ങിയ ടൂറിസം പ്രദേശങ്ങളുമായി എണ്ണപ്പനത്തോട്ടത്തെ കൂട്ടിയോജിപ്പിക്കാൻ കഴിയും. ട്രക്കിങ് സംവിധാനവും ഏർപ്പെടുത്താനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..