19 December Thursday

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാതല മത്സരം 20ന്‌

സ്വന്തം ലേഖകൻUpdated: Friday Oct 18, 2024
കൊല്ലം
ഏഷ്യയിലെ വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13 ജില്ലാതല മത്സരം 20ന്‌ കൊട്ടാരക്കര ഗവ. എച്ച്‌എസ്‌എസിൽ നടക്കും. സയൻസ്‌ പാർലമെന്റും ഇതിനൊപ്പമുണ്ട്‌. ജില്ലാതലത്തിലാണ്‌ സയൻസ്‌ പാർലമെന്റ്‌ സംഘടിപ്പിക്കുന്നത്‌. മത്സരാർഥികളെയും ഒപ്പമെത്തുന്ന രക്ഷാകർത്താക്കളെയും വരവേൽക്കാൻ കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്‌ ആർ രമേശ്‌ ചെയർമാനും കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ബി സജീവ്‌ ജനറൽ കൺവീനറുമായ സംഘാടകസമിതി നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 
രാവിലെ 8.30നാണ്‌ രജിസ്‌ട്രേഷൻ. 9.30ന്‌ ഉദ്‌ഘാടന സമ്മേളനം. പത്തിന്‌  ടാലന്റ്‌ ഫെസ്റ്റ്‌ ആരംഭിക്കും. ദൃശ്യശ്രാവ്യ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള മത്സരം പ്രമുഖരായ ക്വിസ്‌ മാസ്റ്റർമാരാണ്‌ നയിക്കുക. ജില്ലാതല മത്സരങ്ങളുടെ ഉദ്‌ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. കൊല്ലം ശ്രീനാരായണ വനിതാകോളേജ്‌ അസിസ്റ്റന്റ്‌ പ്രൊഫ. പൂർണിമ വിജയൻ സയൻസ്‌ പാർലമെന്റ്‌ നയിക്കും. സമാപന സമ്മേളനം ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌ ഉദ്‌ഘാടനംചെയ്യും. കൊല്ലം റുറൽ എസ്‌പി കെ എം സാബുമാത്യൂ സമ്മാനവിതരണം നടത്തും. ജില്ലയിലെ 12 ഉപജില്ലകളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 96 പേരാണ്‌ ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്‌.  
എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായാണ്‌ ടാലന്റ്‌ ഫെസ്റ്റിൽ വിദ്യാർഥികൾ മാറ്റുരയ്‌ക്കുന്നത്‌. ഉപജില്ലയിൽ നാലുവിഭാഗങ്ങളിൽ ഒന്നാമതെത്തിയ സ്‌കൂളുകൾക്ക്‌ പ്രത്യേക പുരസ്‌കാരം നൽകും. ഈ സ്‌കൂളുകളിൽ അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ മത്സരവിജയികൾക്ക്‌ യഥാക്രമം 10,000, 5000 രൂപ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സംസ്ഥാന മത്സരവിജയികൾക്ക്‌ യഥാക്രമം ഒരു ലക്ഷം, 50,000രൂപ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. നവംബർ 23ന്‌ സംസ്ഥാന മത്സരം നടക്കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ്‌ സീസൺ 13ൽ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ വിജയികൾക്കു നൽകുന്നത്‌. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കമ്പ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി മണി, ഗ്ലോബൽ അക്കാദമി, ബാങ്ക്‌ ഓഫ്‌ ബറോഡ, സൂര്യ പസഫിക്‌ ഫിനാൻഷ്യൽ സർവീസ്‌ എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ. മോഹൻലാൽ ബ്രാൻഡ്‌ അംബാസഡറായ ടാലന്റ്‌ ഫെസ്റ്റിന്റെ സ്‌കൂൾ തലത്തിൽ 40 ലക്ഷം വിദ്യാർഥികൾ മാറ്റുരച്ചിരുന്നു.
സയൻസ്‌ 
പാർലമെന്റിൽ  
നൂറുപേർ 
ജില്ലയിലെ സ്‌കൂളുകളിൽനിന്ന് ശാസ്‌ത്രവിഷയത്തിൽ താൽപ്പര്യമുള്ള എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗം വിദ്യാർഥികളാണ്‌ സയൻസ്‌ പാർലമെന്റിൽ പങ്കെടുക്കുന്നത്‌. ആദ്യം രജിസ്‌റ്റർചെയ്യുന്ന 100 പേർക്കാണ്‌ അവസരം. ഓൺലൈൻ വഴിയാണ്‌ രജിസ്‌ടേഷൻ. ശാസ്‌ത്രമേഖലയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ആശയസംവാദത്തിനും അവസരം ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top