കരുനാഗപ്പള്ളി
റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾക്കു തുടക്കമായി. പാർക്കിങ് ഏരിയ, വാഹനങ്ങൾക്ക് വന്നുതിരിഞ്ഞു പോകാനുള്ള സർക്കുലേറ്റിങ് ഏരിയ, സ്റ്റേഷനിലേക്കുള്ള റോഡ് ടാറിങ് തുടങ്ങിയവയാണ് സജ്ജമാക്കുക. നിലവിലുള്ള പാർക്കിങ് ഏരിയ പുറത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് തിരിച്ചുപോകാൻ പ്രയാസമുണ്ടാക്കുന്നതാണ്.
നേരത്തെ അധികൃതരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച മുൻ എംപി എ എം ആരിഫ് ഉൾപ്പെടെയുള്ളവർക്ക് യാത്രക്കാരും ജനപ്രതിനിധികളും റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും റെയിൽവേ സ്റ്റേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. തുടർന്ന് എ എം ആരിഫിന്റെ നേതൃത്വത്തിൽ ജനറൽ മാനേജരുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതികൾക്ക് രൂപം കൊടുത്തത്. നിലവിലുള്ള പാർക്കിങ് ഏരിയ സൗകര്യപ്രദമായി തെക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കും.
ഈ സ്ഥലംകൂടി ഉപയോഗപ്പെടുത്തി വാഹനങ്ങൾ വന്നുതിരിഞ്ഞു പോകാനുള്ള സർക്കുലേറ്റിങ് ഏരിയയായി ഇവിടം വികസിപ്പിക്കാനുമാണ് പദ്ധതി. ഇതോടൊപ്പം റെയിൽവേ സ്റ്റേ ഷന്റെ തെക്കുഭാഗത്തുനിന്ന് എഫ്സിഐക്കു സമീപത്തുകൂടി നിലവിലുള്ള റോഡ് വീതി കൂട്ടി ടാറിങ് നടത്തും. ഇവിടെ പുതിയ പാർക്കിങ് ഏരിയയും നിർമിക്കും. കഴിഞ്ഞ മാർച്ചിലാണ് ടെൻഡർ നടപടികൾ പൂർത്തിയായത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റെയിൽവേസ്റ്റേഷന്റെ പ്രധാന കവാടത്തിലേക്കുള്ള നടവഴി വൃത്തിയാക്കി ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് കടന്നുപോകാനുള്ള സൗകര്യവും മതിൽകെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും നേരത്തെ പൂർത്തിയാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..