കുന്നിക്കോട്
വീടിനു മുകളിൽ സജ്ജീകരിച്ചിരുന്ന ചെരുപ്പ് ഗോഡൗൺ കത്തിനശിച്ചു. കുറ്റിക്കോണം മന്നാവില്ല ബിജു ജോർജിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗൺ ആണ് കത്തിയമർന്നത്. തിങ്കൾ പുലർച്ചെ ഒന്നിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിജുവിന്റെ വീടിന്റെ മുകളിലും സമീപത്തെ മൺതിട്ടയിലും നിർമിച്ച ടിൻഷീറ്റുകൊണ്ട് മേഞ്ഞ ഗോഡൗണിലാണ് ലക്ഷങ്ങൾ വിലയുള്ള ചെരുപ്പുകൾ സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറി ശബ്ദംകേട്ട് എത്തിയ ഉടമ ബിജുവാണ് തീപടർന്ന വിവരം പത്തനാപുരം അഗ്നിരക്ഷാസേനയിൽ അറിയിച്ചത്.
തുടർന്ന് പത്തനാപുരം, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തിയാണ് പുലർച്ചെ അഞ്ചരയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ജനവാസമേഖലയായ പ്രദേശം കനത്ത പുകയിൽ മണിക്കൂറുകളോളം ഭീതിയിലാഴ്‌ന്നു. ഹോൾസെയിലായി വിൽപ്പന നടത്താൻ ശേഖരിച്ച ചെരുപ്പുകളാണ് കത്തിനശിച്ചത്. മതിയായ സുരക്ഷ ഒരുക്കാതെയാണ് വീടിനു മുകളിൽ ഗോഡൗൺ സ്ഥാപിച്ചത്. സംഭവത്തെക്കുറിച്ച് കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..