കൊല്ലം
കൊട്ടാരക്കര' യെ സ്വന്തം പേരാക്കിയ ശ്രീധരൻനായരുടെ 38–--ാം ഓർമദിനമാണ് ശനിയാഴ്ച. ചെമ്പൻകുഞ്ഞിനെയും കുഞ്ഞേനാച്ചനെയും കുഞ്ഞാലിമരയ്ക്കാരെയുമെല്ലാം വെള്ളിത്തിരയിൽ അനശ്വരമാക്കിയ അതുല്യപ്രതിഭ വിട വാങ്ങിയത് 1986 ഒക്ടോബർ 19 നാണ്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കൊരട്ടിയോട് വീട്ടിൽ നാരായണപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി 1922 സെപ്തംബർ 11ന് ആയിരുന്നു ജനനം. പത്താമത്തെ വയസ്സിൽ നാടകത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. മുൻഷി പരമുപിള്ളയുടെ ‘ പ്രസന്ന ' നാടകം വഴിത്തിരിവായി. കലാമന്ദിർ എന്ന പേരിൽ സ്വന്തമായി നാടകസംഘം ഉണ്ടാക്കി.
1950-ൽ ‘ പ്രസന്ന ' സിനിമയാക്കിയപ്പോൾ അരങ്ങിലെ നടൻതന്നെ അഭ്രപാളിയിലുമെത്തി. പിന്നെയൊരു പടയോട്ടമായിരുന്നു. പഴശ്ശിരാജ, കുഞ്ഞാലിമരയ്ക്കാർ, വേലുത്തമ്പിദളവ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ശ്രീധരൻനായർ മലയാള സിനിമയിൽ നിറഞ്ഞു.ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ അനശ്വരമാക്കി. 1986-ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ ആണ് അവസാനചിത്രം.
1969-ൽ കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസർക്കാർ പുരസ്കാരവും 1970-ൽ അരനാഴികനേരത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസർക്കാർ പുരസ്കാരവും ലഭിച്ചു. അഭിനയം ശ്രീധരൻനായർക്ക് തൊഴിലായിരുന്നില്ല, ജീവിതമായിരുന്നു. ചിത്രീകരണം കഴിഞ്ഞാലും വിട്ടുപിരിയാത്തവിധം കഥാപാത്രങ്ങൾ ശ്രീധരൻനായരിൽ കുടിയേറിയിരുന്നു. യാചകനായി അഭിനയിച്ച അതേ വേഷത്തിൽ വീട്ടിലെത്തിയതും കുടുംബാംഗങ്ങൾ തിരിച്ചറിയാതെപോയതുംപോലെ രസകരമായ മുഹൂർത്തങ്ങൾ നിരവധി.
പ്രേംനസീറും സത്യനും അടൂർ ഭാസിയുമെല്ലാം കൊട്ടാരക്കര റെയിൽവേ സ്റ്റേഷനോരത്തെ ശ്രീധരൻനായരുടെ വീട്ടിൽ കുടുംബാംഗങ്ങളെപ്പോലെ ആയിരുന്നു. ഭാര്യ വിജയലക്ഷ്മിയമ്മ 2021 ജനുവരിയിലാണ് മരിച്ചത്. മക്കൾ സായികുമാറും ശോഭാ മോഹനും ഷൈലജയും ചെറുമക്കളായ വിനു മോഹനും അനു മോഹനും മലയാള സിനിമാലോകത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..