27 December Friday
കാഷ്യൂ കോർപറേഷന്‍

500 പേർക്കുകൂടി ഉടൻ നിയമനം

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024

 

 
കൊല്ലം
കാഷ്യൂ കോർപറേഷനിൽ 500 തൊഴിലാളികളെക്കൂടി പുതുതായി നിയമിക്കാൻ വെള്ളിയാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കട്ടിങ്, പീലിങ്, ഗ്രേഡിങ് വിഭാഗത്തിലാണ് പുതുതായി തൊഴിലാളികളെ നിയമിക്കുന്നത്. 2025 ജനുവരിയിൽ അവർക്ക് നിയമനം നൽകുന്നതിനു വേണ്ടി നടപടികൾ പൂർത്തിയാക്കാനാണ് യോഗം തീരുമാനമെടുത്തിട്ടുള്ളത്. തോട്ടണ്ടി കട്ടിങ് രംഗത്ത് പരിശീലനം ഉള്ളവർക്കാണ് മുൻഗണന. ഫാക്ടറിയിൽ സ്‌കിൽ ടെസ്റ്റ് നടത്തി മികവുള്ളവരെയാണ് ആ നിലയിലേക്ക് തെരഞ്ഞെടുക്കുന്നത്. പുതുതായി ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോർപറേഷന്റെ ഫാക്ടറികളിൽ ഒരുമാസം പ്രത്യേക പരിശീലനം നൽകും.
എൽഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷമുള്ള കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ കോർപറേഷനിൽ 6000 തൊഴിലാളികൾക്ക് പുതുതായി നിയമനം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് വില്‍പ്പന നടത്തിയ ഫ്രാഞ്ചൈസികൾക്കും സഹകരണ സംഘങ്ങൾക്കും ഡിസംബറിൽ പ്രോത്സാഹന സമ്മാനങ്ങൾ വിതരണംചെയ്യും. 2024 വർഷത്തിൽ മികച്ച സേവനം നടത്തിയ തൊഴിലാളികൾക്കും ജീവനക്കാർക്കുമുള്ള പുരസ്കാരങ്ങൾ നൽകാനും യോഗം തീരുമാനിച്ചു. 
ദീപാവലി പ്രമാണിച്ച്  കാഷ്യൂ കോർപറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ഗിഫ്റ്റ് ബോക്സ്‌ ചെയർമാൻ എസ് ജയമോഹൻ ഡയറക്ടർ ബോർഡ് അംഗം ബി  എസ്‌ സുരന് നൽകി ഉദ്‌ഘാടനം ചെയ്‌തു. യോഗത്തിൽ  മാനേജിങ് ഡയറക്ടർ കെ സുനിൽ ജോൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി ബാബു, ബി സുജീന്ദ്രൻ, അഡ്വ. ശൂരനാട് എസ് ശ്രീകുമാർ, സജി ഡി ആനന്ദ്, ബി  പ്രതീപ് കുമാർ, ഡോ. ബി എസ് സുരൻ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top