കൊല്ലം
കേരള സർവകലാശാലയ്ക്കു കീഴിലുള്ള ജില്ലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 19 കോളേജുകളിൽ പതിമൂന്നും എസ്‌എഫ്‌ഐ നേടി. "പെരുംനുണകൾക്കെതിരെ സമരമാകുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ മൽസരിച്ചത്. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐ വലിയ മുന്നേറ്റം നടത്തിയിരുന്നു. മൂന്നു കോളേജുകളിൽ എല്ലാ സീറ്റിലും എതിരില്ലാതെയും എട്ടു കോളേജുകളിൽ ഭൂരിപക്ഷം സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കടയ്‌ക്കൽ പിഎംഎസ്എ കോളേജ്, ചവറ ബിജെഎം കോളേജ്, പുനലൂർ എസ്എൻ ടെക്നോളജി, കൊല്ലം എസ്എൻ കോളേജ്, കൊല്ലം എസ്എൻ വിമൻസ് കോളേജ്, കൊല്ലം ടികെഎം ആർട്സ് കോളേജ്, ചാത്തന്നൂർ എസ്എൻ കോളേജ്, നിലമേൽ എൻഎസ്എസ് കോളേജ്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, കുരിയോട്ടുമല അയ്യൻകാളി കോളേജ്, കുണ്ടറ ഐഎച്ച്ആർഡി എന്നീ കോളേജുകളിലാണ് എസ്എഫ്ഐ വിജയിച്ചത്. എഐഎസ്എഫിൽ നിന്നും കൊട്ടിയം മന്നം മെമ്മോറിയൽ ആർട്സ് കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചു. കരുനാഗപ്പള്ളി വിദ്യാധിരാജ കോളേജ്, ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജ്, കൊല്ലം ഫാത്തിമ മാതാ കോളേജ്, കൊട്ടാരക്കര എസ്‌ജി കോളേജ് എന്നിവടങ്ങളിലാണ് കോളേജ് യൂണിയനിൽ കെഎസ്‌യുവിന് ഭൂരിപക്ഷം. കൊട്ടാരക്കര എസ്‌ജി കോളേജിൽ ചെയർമാൻ, ഒരു യുയുസി, രണ്ട് റെപ്പ് എന്നിവ എസ്‌എഫ്‌ഐക്കാണ്. കൊട്ടാരക്കര ഐഎച്ച്‌ആർഡി കോളേജ്, പുനലൂർ എസ്‌എൻ കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ എഐഎസ്‌എഫിന് ലഭിച്ചു.
വർഗീയതയ്ക്കും കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനുമെതിരെയും വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ് എസ്എഫ്ഐക്ക് വിദ്യാർഥികൾ നൽകിയതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കൊലക്കത്തിയുടെയും അക്രമത്തിന്റെയും വഴിതേടുന്ന കെഎസ്‌യു, എബിവിപി സംഘടനകളുടെ അരാഷ്ട്രീയത്തെ പൊളിച്ചെഴുതിന് തെളിവാണ് എസ്എഫ്ഐയുടെ തിളക്കമാർന്ന വിജയമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഹിൻ, സെക്രട്ടറി എ വിഷ്ണു എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..