03 December Tuesday

കാട്ടിൽക്കടവ്‌ – പത്തനാപുരം റോഡ്‌ സംസ്ഥാനപാതയാകും

സ്വന്തം ലേഖകൻUpdated: Sunday Nov 19, 2023
കൊല്ലം
കടലോരത്തെയും മലയോരത്തെയും ബന്ധിപ്പിച്ച്‌ ദേശീയപാതകൾ താണ്ടുന്ന കാട്ടിൽക്കടവ്‌ –-പത്തനാപുരം സംസ്ഥാനപാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷക്ക്‌ നിറംവച്ചു. പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടു. ഫയൽ ധനവകുപ്പിലെ ടെക്‌നിക്കൽ ചീഫ്‌ എക്‌സാമിനറുടെ പരിശോധനയിലാണിപ്പോൾ. നടപടി പൂർത്തീകരിച്ച്‌ റോഡിനെ സംസ്ഥാന പാതയായി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവ്‌ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ്‌ നാടാകെ. 
കാട്ടിൽക്കടവ്‌ –-പത്തനാപുരം സംസ്ഥാന പാതയ്ക്കായി കോവൂർ കുഞ്ഞുമോൻ എംഎൽഎയും നിരവധി തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത്‌ വകുപ്പിനു നിവേദനം നൽകിയിരുന്നു. തുടർന്ന്‌ റോഡിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത്‌ കൊല്ലം എക്‌സിക്യൂട്ടീവ്‌ എൻജിനിയർ തയ്യാറാക്കി നൽകിയ റിപ്പോർട്ടാണ്‌ നടപടികളുടെ തുടക്കം. തുടർന്ന്‌ ചീഫ്‌ എൻജിനിയർക്ക്‌ ലഭിച്ച സാധ്യതാ റിപ്പോർട്ട്‌ സർക്കാരിലേക്ക്‌ കൈമാറിയിരുന്നു. ഈ ഫയലിലാണ്‌ പൊതുമരാമത്ത്‌ മന്ത്രി ഒപ്പിട്ടത്‌. കരുനാഗപ്പള്ളി മണ്ഡലത്തിലെ കാട്ടിൽകടവിൽ ആരംഭിച്ച്‌ പുതിയകാവ്‌, ചക്കുവള്ളി, മലനട, കടമ്പനാട്‌, ഏനാത്ത്‌ വഴി പത്തനാപുരത്ത്‌ സമാപിക്കുന്ന പാത ജില്ലയിൽ വടക്കൻ മേഖലയിലെ ഏറെ പ്രാധാന്യമുള്ള റോഡായിമാറും. 
കൊല്ലം –-കോട്ടപ്പുറം ദേശീയ ജലപാത (കാട്ടിൽക്കടവ്‌), മഹാരാഷ്‌ട്ര പൻവേൽ –-കന്യാകുമാരി ദേശീയപാത 66 (പുതിയകാവ്‌), കൊല്ലം –-തേനി ദേശീയപാത (ചക്കുവള്ളി), വണ്ടിപ്പെരിയാർ–-ഭരണിക്കാവ്‌–-ചവറ ടൈറ്റാനിയം പാത (കടമ്പനാട്‌), എംസി റോഡ്‌ (ഏനാത്ത്‌), മലയോരപാത (പത്തനാപുരം)എന്നീ പ്രധാനപ്പെട്ട സഞ്ചാരപാതകളെ ബന്ധിപ്പിക്കുന്നതാണ്‌ നിർദിഷ്‌ട കാട്ടിൽക്കടവ്‌ –-പത്തനാപുരം പാതയെന്ന പ്രത്യേകതയുമുണ്ട്‌. മാതാ അമൃതാനന്തമയി മഠം, ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട, മണ്ണടിയിലെ ചരിത്ര പ്രസിദ്ധമായ വേലുത്തമ്പി ദളവ സ്‌മാരകം തുടങ്ങിയവയും താണ്ടിയാണ്‌ ഈ റോഡ്‌ കടന്നുപോകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top