കരുനാഗപ്പള്ളി
കരുനാഗപ്പള്ളി മണ്ഡലത്തിലെ ആദ്യകാല മാർക്കറ്റുകളിൽ ഒന്നായ വള്ളിക്കാവ് മാർക്കറ്റ് കിഫ്‌ബി പദ്ധതിയിൽ മുഖംമിനുക്കും. തീരദേശ വികസന അതോറിറ്റി മുഖേന നടപ്പാക്കുന്ന മാർക്കറ്റ് നവീകരണ പദ്ധതി ഉടൻ യാഥാർഥ്യമാകും. 3.40 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണം. 2018ൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രൻ മുൻകൈയെടുത്ത് നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി അന്ന് ഫിഷറീസ് മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടിഅമ്മയാണ് പരമ്പരാഗത ഫിഷ് മാർക്കറ്റുകൾ നവീകരിക്കാൻ തീരദേശ വികസന അതോറിറ്റി വഴി പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി ജില്ലയിൽ പല മാർക്കറ്റുകളുടെയും നവീകരണം പൂർത്തിയായി. കോവിഡ് പ്രതിസന്ധി വള്ളിക്കാവ് മാർക്കറ്റ് നവീകരണത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
കിഫ്ബി പദ്ധതിയിൽവരുത്തിയ സാങ്കേതിക മാറ്റങ്ങളും കാലതാമസത്തിനിടയാക്കി. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ധനമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് പ്രശ്നത്തിന്റെ പ്രാധാന്യം ധരിപ്പിച്ചു. തുടർന്ന് തടസ്സങ്ങൾ ഒഴിവാക്കുകയായിരുന്നു. പദ്ധതിയുടെ സാങ്കേതികാനുമതി ഉൾപ്പെടെ പൂർത്തിയാക്കി നിലവിൽ കെട്ടിടനിർമാണത്തിനുള്ള പെർമിറ്റിനായി കുലശേഖരപുരം പഞ്ചായത്തിന് അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് നിർമാണച്ചുമതലയുള്ള കേരള തീരദേശ വികസന അതോറിറ്റി അധികൃതർ അറിയിച്ചു.
രണ്ടുനിലയിലായി ആധുനിക സംവിധാനങ്ങളോടെയാണ് മാർക്കറ്റ് വികസിപ്പിക്കുക. 10,300 സ്ക്വയർ ഫീറ്റിൽ ആണ് നിർമാണം. ഗ്രൗണ്ട് ഫ്ലോറിൽ അഞ്ച് റീട്ടെയിൽ ഷോപ്പ്, മാർക്കറ്റ് ഹാൾ, സ്റ്റെയിൻലസ് സ്റ്റീൽ ട്രോളി സംവിധാനത്തോടുകൂടിയുള്ള 32 ഫിഷ് ഔട്ട്‌ലെറ്റ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേകം ശുചിമുറികൾ, മത്സ്യം കഴുകി വൃത്തിയാക്കുന്നതിന് സ്റ്റൈയിൻലസ് സ്റ്റീൽ സിങ്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടാകും. പ്രത്യേക ഡ്രെയിനേജ് സംവിധാനവും ട്രീറ്റ്മെന്റ് പ്ലാന്റും ബയോഗ്യാസ് പ്ലാന്റും നിർമിച്ച് മാലിന്യപ്രശ്‌നങ്ങളും പരിഹരിക്കും. ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ് മാർക്കറ്റിൽത്തന്നെ ഉപയോഗപ്പെടുത്തും. ഇന്റർലോക്ക്ചെയ്‌ത് മാർക്കറ്റിന്റെ കവാടവും മുൻഭാഗവും വൃത്തിയാക്കും. ഒന്നാം നിലയിൽ അഞ്ച് റീട്ടെയിൽ ഷോപ്പും ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കാവുന്ന മൂന്നു ഹാളും ശുചിമുറികളും ആണ് ഒരുക്കുന്നത്. ലൈറ്റിങ് സംവിധാനവും ഒരുക്കും. കുലശേഖരപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് മാർക്കറ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..