13 September Friday

അരലക്ഷം തന്നില്ലെങ്കിൽ തകർക്കും !

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2024

 

 
കൊല്ലം
അരലക്ഷം രൂപ പിരിവ്‌ നൽകാത്തതിന്റെ പേരിൽ കൊല്ലം നഗരത്തിലെ വെഡ്ഡിങ്‌ മാളിൽ കോൺഗ്രസ്‌ നേതാക്കളുടെ അതിക്രമം. ഉപയോക്താക്കളെ അസഭ്യം വിളിച്ചും ജീവനക്കാരെ ഭീഷണിപ്പെടുത്തിയും അരമണിക്കൂർ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അടക്കം മൂന്നുപേർക്കെതിരെ ഈസ്റ്റ്‌ പൊലീസ്‌ കേസെടുത്തു. വടക്കേവിള ബ്ലോക്ക്‌ പ്രസിഡന്റ്‌ പാലത്തറ രാജീവ്‌, ജനറൽ സെക്രട്ടറി അൻഷാദ്‌, വ്യാപാരി വ്യവസായി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബിനോയ്‌ ഷാനൂർ എന്നിവർക്കെതിരെയാണ്‌ കേസ്‌. 
അടുത്തിടെ പോളയത്തോട്ടിൽ പ്രവർത്തനം തുടങ്ങിയ വെഡ്ഡിങ്‌ സെന്ററിലായിരുന്നു സംഭവം. 14നു രാത്രി എട്ടിനാണ്‌ സംഘം വെഡ്ഡിങ്‌ സെന്ററിലെത്തിയത്‌. കോൺഗ്രസ്‌ ബ്ലോക്ക്‌ ക്യാമ്പുകളുടെ നടത്തിപ്പിനായിരുന്നു പണപ്പിരിവ്‌ നിശ്ചയിച്ചതെങ്കിലും ചാരിറ്റി പ്രവർത്തനത്തിന്‌ 50,000 രൂപ നൽകണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. 10,000 രൂപ നൽകാമെന്നു മാനേജർ അറിയിച്ചു. അരലക്ഷം കിട്ടിയേ മതിയാകൂവെന്ന്‌ നേതാക്കൾ പറഞ്ഞു. തുക തന്നില്ലെങ്കിൽ സ്ഥിതി മോശമാകുമെന്നും കട തകർക്കുമെന്നും ഭീഷണിയുയർത്തി. കടയിൽ ഉപയോക്താക്കളുണ്ടെന്നും മാന്യമായി സംസാരിക്കണമെന്നുമുള്ള മാനേജരുടെ അഭ്യർഥനയ്‌ക്ക്‌ പച്ചത്തെറിയായിരുന്നു മറുപടി. അസഭ്യം തുടർന്നതോടെ സാധനം വാങ്ങാൻ എത്തിയവരിൽ പലരും ഇറങ്ങിപ്പോയി. സ്ഥാപനം തുടരണമെങ്കിൽ ആവശ്യപ്പെട്ട പണം കിട്ടണമെന്നു പറഞ്ഞ്‌ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. 
മാനേജർ കൊല്ലം ഈസ്റ്റ്‌ പൊലീസിൽ നൽകിയ പരാതിയിൽ അസഭ്യം പറച്ചിൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കടക്കൽ, സംഘംചേർന്ന്‌ അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തത്‌. പീഡനമടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ അൻഷാദ്‌. ലഹരി കടത്തുകേസിൽ  ജാമ്യത്തിലാണ്‌ ബിനോയ്‌ ഷാനൂർ. മറ്റ്‌ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും സംഘത്തിലുണ്ടായിരുന്നതായി പറയുന്നു. സംഘത്തിന്റെ കൈവശം കത്തി ഉണ്ടായിരുന്നതായി ജീവനക്കാർ പൊലീസിൽ മൊഴി നൽകി. വെഡ്ഡിങ്‌  സെന്ററിനകത്തും പുറത്തുമുള്ള സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന്‌ ഈസ്റ്റ്‌ സിഐ അനിൽകുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top