കൊല്ലം
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ നിലവിലുള്ള വാർഡിന്റെയും ഡിവിഷന്റെയും അതിർത്തി പുനക്രമീകരിച്ച് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. ബോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിർത്തി പുനക്രമീകരിച്ച വിജ്ഞാപനം അടുത്ത ഘട്ടത്തിൽ പുറത്തിറക്കും. ജില്ലയിൽ പഞ്ചായത്ത് വാർഡുകളുടെ എണ്ണം 1234ൽനിന്ന് 1314 ആയി. 80 വാർഡ് വർധിച്ചു. ജില്ലയിൽ 68 പഞ്ചായത്തിൽ 65 ഇടത്താണ് വാർഡുകൾ വർധിച്ചത്. കുണ്ടറ, പിറവന്തൂർ, ആലപ്പാട് എന്നിവയാണ് വാർഡുകൾ വർധിക്കാത്ത പഞ്ചായത്തുകൾ. ജില്ലയിൽ പഞ്ചായത്ത് വാർഡുകളുടെ എണ്ണം പരമാവധി 24 ആണ്. ഏറ്റവും കുറവ് 14 വാർഡും. കുലശേഖരപുരം, തഴവ, മൈനാഗപ്പള്ളി, തൊടിയൂർ, ചവറ, തേവലക്കര, പന്മന, മയ്യനാട്, തൃക്കോവിൽവട്ടം, കല്ലുവാതുക്കൽ, നെടുമ്പന, ചിതറ എന്നിവയാണ് 24 വാർഡുള്ള പഞ്ചായത്തുകൾ. പട്ടാഴി വടക്കേക്കര, ആര്യങ്കാവ്, മൺറോതുരുത്ത്, കുണ്ടറ, തെക്കുംഭാഗം, നീണ്ടകര, നിലമേൽ എന്നീ പഞ്ചായത്തുകളിലാണ് 14 വാർഡുള്ളത്.
കൊല്ലം കോർപറേഷനിൽ ഒരു ഡിവിഷൻ കൂടി ആകെ 56 ഡിവിഷനായി. അഞ്ചാലുംമൂട്, നീരാവിൽ ഡിവിഷൻ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് അഞ്ചാലുംമൂട് വെസ്റ്റ് ആണ് പുതിയ ഡിവിഷൻ. പുനലൂർ മുനിസിപ്പാലിറ്റിയിൽ 35 ഡിവിഷൻ 36ലേക്കും കൊട്ടാരക്കരയിൽ 29 മുപ്പതിലേക്കും കരുനാഗപ്പള്ളിയിൽ ഡിവിഷൻ 35ൽനിന്ന് 37ലേക്കും ഉയർന്നു. പരവൂർ മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 32 ആയി തുടരും. ജില്ലയിൽ ആകെ മുനിസിപ്പാലിറ്റി ഡിവിഷന്റെ എണ്ണം 131ൽനിന്ന് 135 ആയി വർധിച്ചു. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യക്ക് ആനുപാതികമായാണ് വാർഡ് പുനക്രമീകരണം നടത്തിയിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..