കരുനാഗപ്പള്ളി
ദൃശ്യം സിനിമ മോഡലിൽ സ്‌ത്രീയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ പ്രതി ജയചന്ദ്രനെ പിടികൂടിയത് ‘ ദൃശ്യ’ത്തെ വെല്ലുന്ന ബുദ്ധിപൂർവ നീക്കങ്ങളിലൂടെയും അന്വേഷണത്തിലൂടെയും. കഴിഞ്ഞ ആറുമുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്നു കാട്ടി 13നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇവർ കൊച്ചുമാംമൂടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ഇവരെ കാണാനില്ലെന്ന് സമീപവാസികൾ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നാണ് പരാതി നൽകുന്നത്. പരാതിയിൽ വിജയലക്ഷ്മിയുടെ ഫോണിലേക്ക് ഇടയ്ക്കുവന്ന ഒരു കോളിൽ എറണാകുളത്ത് ഫോൺ റിങ് ചെയ്തതായി കണ്ടെത്തിയിരുന്നു. തുടർന്ന് ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും കോൾ ഡീറ്റെയിൽസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അതീവബുദ്ധിയോടെ ഒളിപ്പിക്കാൻ ശ്രമിച്ച കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. വിജയലക്ഷ്മിയുടെ ഫോൺ ഒരു മണിക്കൂറോളം അമ്പലപ്പുഴ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. ഇതോടെ യുവതിയുമായി ബന്ധമുള്ള നിരവധിപേരെ ചോദ്യം ചെയ്തു. ഇതിൽനിന്നാണ് ജയചന്ദ്രനിലേക്ക് എത്തുന്നത്.
ജയചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചു. ഇയാൾ ഓച്ചിറ ഭാഗത്ത് ഉണ്ടായിരുന്നു എന്ന് ആദ്യം മൊഴി നൽകി. എന്നാൽ, ഇത് കളവാണെന്നു തെളിഞ്ഞു. തുടർന്ന് സംഭവ സമയത്ത് കായംകുളത്ത് ഉണ്ടായിരുന്നു എന്നും അയാൾ മൊഴിമാറ്റി. കൊലപാതകശേഷം എറണാകുളത്തേക്കു പോയെന്നു സമ്മതിച്ചില്ല. ചോദ്യം ചെയ്യുന്നതിനിടെ ഇയാളുടെ പേഴ്സിൽനിന്നു ലഭിച്ച കെഎസ്ആർടിസി ടിക്കറ്റ് ആണ് നിർണായക വഴിത്തിരിവിലേക്ക് എത്തിച്ചത്. ടിക്കറ്റിന്റെ വിവരങ്ങൾ മുന്നിൽവച്ച് കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് ജയചന്ദ്രൻ കുടുങ്ങിയത്. കൊലപാതകം കഴിഞ്ഞ് എറണാകുളത്തേക്കു പോയി കണ്ണൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസിയിൽ മൊബൈൽ ഉപേക്ഷിച്ചത് ദൃശ്യം സിനിമയ്‌ക്കു സമാനമാണ്. തലയ്ക്ക് അടിച്ചും വെട്ടിപ്പരിക്കേൽപ്പിച്ചുമാണ് മരണം ഉറപ്പാക്കിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മൃതദേഹം വലിച്ചിഴച്ച് കുഴിയിൽ ഇട്ടു. ആഭരണങ്ങൾ കവർന്നശേഷം വസ്ത്രങ്ങൾ കത്തിച്ചു. ആറിന് വിജയലക്ഷ്മിയുമായി പ്രതി ഇയാളുടെ വീട്ടിലെത്തി. ഏഴിന് വെളുപ്പിന് സുധീഷ് എന്നയാൾ ജയലക്ഷ്മിയെ ഫോണിൽ വിളിച്ചതോടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..